Asianet News MalayalamAsianet News Malayalam

അനുനയനീക്കങ്ങള്‍ പാളി, കുമാരസ്വാമി സര്‍ക്കാര്‍ വീണേക്കും, കൂടുതല്‍ എംഎല്‍എമാര്‍ രാജിക്ക്

ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ്, മുന്‍ അഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി എന്നീ പ്രമുഖനേതാക്കളാണ് രാജിവയ്ക്കുന്നത്. വിമത കോണ്‍ഗ്രസ് നേതാവ് രമേഷ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തിലാണ് രാജിനീക്കം

Political crisis in karnataka again 10 congress ally mla to resign
Author
Bengaluru, First Published Jul 6, 2019, 2:09 PM IST

ബെംഗളൂരു: ഭരണപക്ഷത്ത് നിന്നും രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത ശക്തമായി. രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ നടത്തിയ നീക്കങ്ങളൊന്നും തന്നെ ഫലം കണ്ടിട്ടില്ല എന്നാണ് വിവരം. 

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയടക്കമുള്ള എംഎല്‍എമാരാണ് ഇന്ന് രാജിവച്ചിട്ടുള്ളത്. പാര്‍ട്ടിയിലും സര്‍ക്കാരിലും രാമലിംഗറെഡ്ഡിക്ക് ഉചിതമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ അനുയായികളായ എംഎല്‍എമാര്‍ രാജിവച്ചിരിക്കുന്നതെന്നാണ് വിവരം. രാമലിംഗ റെഡ്ഡിക്ക് താക്കോല്‍ സ്ഥാനം നല്‍കി ഇവരെ അനുനയിപ്പിക്കാനാവുമോ എന്ന് കോണ്‍ഗ്രസ് നോക്കുന്നുണ്ട്. അതേസമയം രാജിവച്ച എംഎല്‍എമാരെ ബിജെപി നേതൃത്വം ഇന്നു തന്നെ മുംബൈക്ക് കൊണ്ടും പോകും എന്നാണ് വിവരം. 14 എംഎല്‍എമാര്‍ ഇന്ന് രാജിവച്ചു എന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കര്‍ണാടക ഭരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയായി 11 ഭരണപക്ഷ എംഎല്‍എമാരാണ് ഇന്ന് രാവിലെ രാജിവച്ചത്. രാജിവയ്ക്കുന്നതിനായി എംഎല്‍എമാര്‍ കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തിയെങ്കിലും സ്പീക്കര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് 7 എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുകയും രാജി തീരുമാനം അറിയിക്കുകയും ചെയ്തു. 

11 എംഎല്‍എമാരുടെ രാജിക്കത്ത് ഓഫീസില്‍ സ്വീകരിച്ചെന്നും ഇവരെ തിങ്കളാഴ്ച നേരില്‍ കാണുമെന്നും കര്‍ണാടക നിയമസഭാ സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ എഴ് എംഎല്‍എമാരും ജെഡിഎസിന്‍റെ നാല് എംഎല്‍എമാരുമാണ് ഇന്ന് രാജിവച്ചത്. 

മഹേഷ് കുമാതലി, ബിസി പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, എസ്.ടി സോമശേഖര്‍, മുനിരത്ന, പ്രതാപ് ഗൗഡ, ബ്യാരതി ബസവരാജ് എന്നിവരാണ് രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍. ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.വിശ്വനാഥ്, മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി, നാരയണ്‍ ഗൗഡ, ഗോപാലയ്യ എന്നിവരാണ് ജെഡിഎസില്‍നിന്നും രാജിവച്ചത്. 

രാജിവിവരം അറിഞ്ഞ്  നിയമസഭയിലെ സ്പീക്കറുടെ ഓഫീസിലെത്തിയ മന്ത്രി ഡികെ ശിവകുമാര്‍ രാജിവച്ച എംഎല്‍എമാരെ നേരില്‍ കണ്ടു. രാജിവച്ച പതിനൊന്ന് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒടുവില്‍ ശിവകുമാറിനൊപ്പം തിരിച്ചു പോയി. രാമലിംഗ റെഡ്ഡി, എസ്.ടി സോമശേഖര്‍, ബ്യാരതി ബാസവരാജ് എന്നിവരാണ് ശിവകുമാറിനൊപ്പം പോയത്. 

രാജിവച്ച ശേഷം ശിവകുമാറിനൊപ്പം പോയ  എസ്.ടി സോമശേഖര്‍, ബ്യാരതി ബാസവരാജ് എന്നീ എംഎല്‍എമാരും രാജിവച്ച ശിവറാം ഹെബ്ബാര്‍, മുനിരത്ന  എന്ന എംഎല്‍എമാരും  സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിപിന്‍വലിക്കാം എന്ന് ഡികെ ശിവകുമാറിനെ അറിയിച്ചതായാണ് വിവരം. 

ബിസി പാട്ടീല്‍, എച്ച്.വിശ്വനാഥ്, നാരായണ്‍ ഗൗഡ, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമാതലി, ഗോപാലയ്യ, പ്രതാപ് ഗൗഡ എന്നീ എംഎല്‍എമാരാണ് രാജിക്കത്ത് സ്പീക്കറുടെ  സെക്രട്ടറിയെ ഏല്‍പിച്ച ശേഷം രാജ്ഭവനിലേക്ക് പോയത്.  വിമത കോണ്‍ഗ്രസ് നേതാവ് രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ട്. അദ്ദേഹമാണ് രാജിനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് എന്നാണ് വിവരം. 

എംഎല്‍എയായ രമേശ് ജാര്‍ക്കിഹോളി നേരത്തെ തന്നെ രാജിവച്ചെങ്കിലും രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായിട്ടില്ല. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് ജെഡിഎസ് എംഎല്‍എമാരുമാണ് ആദ്യം രാജിക്കായി വിധാന്‍ സഭയിലെ സ്പീക്കറുടെ ഓഫീസില്‍ എത്തിയത്. അല്‍പസമയത്തിന് ശേഷം നാല് എംഎല്‍എമാര്‍ കൂടി സ്പീക്കറുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. 

അടിയന്തര രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ വിധാന്‍ സഭയിലെത്തി എംഎല്‍എമാരെ കണ്ടത്. എംഎല്‍എമാര്‍ ആരും രാജിവയ്ക്കില്ലെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി വന്‍ജയം നേടുകയും വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തപ്പോള്‍ തന്നെ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വീഴും എന്ന അഭ്യൂഹം ശക്തമായിരുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം യെദ്യൂരിയപ്പയോട് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇന്ന് രാവിലെയോടെയാണ് ഭരണപക്ഷത്തെ ചില എംഎല്‍എമാര്‍ രാജിവച്ചേക്കും എന്ന വിവരം കോണ്‍ഗ്രസ് ക്യാംപില്‍ തന്നെ എത്തുന്നത് എന്നാണ് സൂചന. 12 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവയ്ക്കും എന്നായിരുന്നു ആദ്യം വന്ന അഭ്യൂഹം. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിലവില്‍ അമേരിക്കയിലാണ് അദ്ദേഹം നാളെ ബെംഗളൂരുവില്‍ എത്തുമെന്നാണ് അറിയുന്നത്. 

സ്ഥലത്ത് ഇല്ലാതിരുന്ന മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയോടെ ബെംഗലളൂരുവിലെ വസതിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബ്രിട്ടണിലുള്ള കര്‍ണാടക പിസിസി പ്രസിഡന്‍റ് ദിനേശ് ഗുണ്ടറാവു നാളെ ബെംഗളൂരുവില്‍ തിരിച്ചെത്തും.  ഇവരുടെ അസാന്നിധ്യത്തില്‍ എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ഡികെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചുമതലപ്പെടുത്തിയത്. രാജിവച്ച 11 പേരില്‍ മൂന്ന് പേരെ തനിക്കൊപ്പം തിരികെ കൊണ്ടു പോകാന്‍ ശിവകുമാറിന് സാധിച്ചു. ഇവര്‍ രാജി പിന്‍വലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

മറിച്ച് സംഭവിക്കുന്ന പക്ഷം ഒന്നോ രണ്ടോ എംഎല്‍എമാരെ കൂടി രാജിവയ്പ്പിച്ച് ബിജെപി കര്‍ണാടക ഭരണം പിടിക്കും.  കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 115 എംഎല്‍എമാരാണുള്ളത്. രണ്ട് സ്വതന്ത്രന്‍മാരുടെ പിന്തുണയും ഇതില്‍ ഉള്‍പ്പെടും.  11 പേര്‍ രാജിവച്ചാല്‍ ഭരണപക്ഷത്തിന്‍റെ അംഗസഖ്യ 104 ആവും. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ അംഗസംഖ്യ 103 ആയാല്‍  105 എംഎല്‍എമാരുള്ള ബിജെപി സഖ്യം സഭയില്‍ കേവല ഭൂരിപക്ഷം നേടും. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുള്ളത്.  രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ അംഗസംഖ്യ 222 ആയി ചുരുങ്ങി. 

നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചപ്പോള്‍ മുതല്‍ കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാണ്. കൂടുതല്‍ എംഎല്‍എമാരെ രാജിവയ്പ്പിച്ച് സര്‍ക്കാരിനെ സഭയില്‍ ന്യൂനപക്ഷമാക്കാനുള്ള നീക്കമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ആദ്യം കര്‍ണാടകയിലും പിന്നീട് മധ്യപ്രദേശിലും ഇതേ രീതിയില്‍ അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. 

കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ വന്നാല്‍ ബിഎസ് യെദ്യൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ പറഞ്ഞു. കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്. ഭൂരിപക്ഷമുള്ള കക്ഷിയാണ് സര്‍ക്കാരുണ്ടാക്കേണ്ടത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുക തന്നെ ചെയ്യും. 

Follow Us:
Download App:
  • android
  • ios