ഭൂരിപക്ഷം വ്യക്തമാക്കാതെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. രണ്ട് അംഗങ്ങളുള്ള വിസികെയുടെ നിലപാട് ഇന്നറിയാം. അതിനിടെ, ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന് ആരോപണം ഉയർന്നു.
ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ നാടകം തുടരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ ഇനിയും തീരുമാനമായില്ല. അതേസമയം, ഭൂരിപക്ഷം വ്യക്തമാക്കാതെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. രണ്ട് അംഗങ്ങളുള്ള വിസികെയുടെ നിലപാട് ഇന്നറിയാം. അതിനിടെ, ടിവികെ വ്യാജക്കത്ത് തയാറാക്കിയെന്ന് ആരോപണം ഉയർന്നു. ഇത് നിഷേധിച്ച് ടിവികെയും രംഗത്തെത്തി. അതേസമയം, ഭരണപരിചയമോ രാഷ്ട്രീയ പരിചയമോ ഇല്ലാത്തത് ടിവികെയുടെ നീക്കങ്ങൾ പൊളിയാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

തമിഴകത്ത് വീണ്ടും നാടകങ്ങൾ
തമിഴകത്ത് സർക്കാരിനായി രണ്ടാമതൊരു അവകാശവാദം ഗവർണർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ടി ടി വി ദിനകരൻ ലോക്ഭവനിലെത്തി ഗവർണറെ കണ്ടു. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. കത്തിൽ ദിനകരന്റെയും പാർട്ടിയുടെ ഏക എംഎൽഎയുടെയും ഒപ്പാണുള്ളത്. വിജയ്‍ക്ക് ഭൂരിപക്ഷം ഇല്ലെന്നും വ്യാജ ഭൂരിപക്ഷ കത്തുണ്ടാക്കിയെന്നും ടി ടി വി ദിനകരൻ പറയുന്നു. ഇതോടെ വിജയ് സത്യപ്രതിജ്ഞ ഉണ്ടായേക്കില്ലെവന്ന സൂചന പുറത്തുവന്നു. വിജയ്‍യുടെ ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നാണ് ലോക്ഭവൻ പറഞ്ഞത്. 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നുമാണ് ഗവർണർ അറിയിച്ചിരുന്നത്. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


