വരുന്ന ബുധനാഴ്ചയാണ് മുൻസിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുക

ദില്ലി: ആംആദ്മി പാര്‍ട്ടിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ദില്ലി മുൻസിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പോളിങ് അവസാനിച്ചു. വൈകിട്ട് നാല് മണിവരെ 45 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ദില്ലിയിലെ സർക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്രസർക്കാ‍ർ ഒറ്റ മുൻസിപ്പല്‍ കോർപ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍. 

ദില്ലിയിലെ മാലിന്യപ്രശ്നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വി‍മർശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്‍റെ ജയില്‍ വീഡിയോകള്‍ ചൂണ്ടിക്കാട്ടി അഴിമതിയാണ് ബിജെപി ഉയര്‍ത്തിയത്. തണുപ്പുകാലം കണക്കിലെടുത്ത് രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് അഞ്ചരവരെയായിരുന്നു പോളിങ്.ഒന്നരകോടിയോളം വോട്ടർമാർക്കായി 13,638 പോളിങ് സ്റ്റേഷനുകളാണ് വോട്ടിങിനായി ക്രമീകരിച്ചിരുന്നു. കുടംബത്തോടൊപ്പമെത്തി രാവിലെ പത്തരയോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വോട്ട് രേഖപ്പെടുത്തിത്.

സത്യസന്ധരെന്ന് അവകാശപ്പെടുന്നവർക്ക് ജനം മറുപടി നല്‍കുമെന്ന് വോട്ട് ചെയ്തശേഷം കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ഇതിനിടെ വോട്ടേഴ്സ് ലിസ്റ്റില്‍ പലരുടെയും പേര് ഇല്ലെന്ന ആരോപണം ഉയര്‍ത്തി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തി. ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ അനില്‍ ചൗധരിക്ക് വോട്ട് ചെയ്യാനായില്ല. സുഭാഷ് മൊഹല്ല വാർഡില്‍ നാനൂറ്റിഅൻപത് ബിജെപി വോട്ടർമാരുടെ പേരില്ലെന്നും വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും ബിജെപി നേതാവ് മനോജ് തീവാരി ആവശ്യപ്പെട്ടു.വരുന്ന ബുധനാഴ്ചയാണ് മുൻസിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുക