ദില്ലി: ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നാല് പ്രധാന സീറ്റുകളിലെ വോട്ടെടുപ്പ് തുടങ്ങി. വ്യാഴാഴ്ച രാവിലെ ഒമ്പരയോടുകൂടിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാല് വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പടെ പതിനാറ് പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എബിവിപിയും എൻഎസ്‍യുഐയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. ഇടതു സ്ഥാനാർത്ഥികളും ശക്തമായി മത്സരരംഗത്തുണ്ട്. വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും.

എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അക്ഷിത് ദഹിയയും എൻഎസ്‍യുഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ചേതന ത്യാ​ഗിയുമാണ് മത്സരിക്കുന്നത്. സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിലായി 52 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 1.3 ലക്ഷം വിദ്യാർത്ഥികളാണ് വോട്ടർമാരായി ഉള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം സെൻട്രൽ പാനലിലെ മൂന്ന് സീറ്റ് എബിവിപിയും ഒരു സീറ്റ് എൻഎസ്‍യുഐയും നേടിയിരുന്നു. ഇതിനിടെ, നോമിനേഷൻ നൽകാൻ എബിവിപി പ്രവർത്തകർ അനുവദിച്ചില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി സ‍ർവകലാശാലയോട് വിശദീകരണം ആവശ്യപ്പെട്ടു.

അതേസമയം, എൻഎസ്‍യുഐ ജോയിന്റ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി അഭിഷേക് ചപ്ര‌നയ്ക്ക് പോളിങ് ബൂത്തിൽ പ്രവേശിക്കുന്നതിന് അനുവാദം നിഷേധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ‌സൗത്ത് ദില്ലിയിലെ ദയാൽ സിം​ഗ് കോളേജിൽ ഒരുക്കിയിട്ടുള്ള പോളിങ് സ്റ്റേഷനിൽ കടക്കുന്നതിനാണ് അഭിഷേകിന് അനുവാദം നിഷേധിച്ചതെന്ന് എൻഎസ്‍യുഐ ആരോപിച്ചു. എന്നാൽ, കോളേജിന് പുറത്തുവച്ച് വോട്ട് അഭ്യര്‍ത്ഥിച്ചതിനാലാണ് അഭിഷേകിന് പ്രവേശനം നിഷേധിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. വോട്ട് അഭ്യർത്ഥിക്കരുതെന്ന നിർദ്ദേശം പാലിക്കാതെ അഭിഷേക് മോശമായി പെരുമാറിയതായും പൊലീസ് പറഞ്ഞു.