സര്‍വ്വകലാശാലയിലെ എംസിഎ ഡിപ്പാര്‍ട്ട്മെന്‍റിലേക്കുളള ഫീസ് 225 ശതമാനമായും എംബിഎയ്ക്ക് 125 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്.

പോണ്ടിച്ചേരി: അടുത്ത അധ്യയന വര്‍ഷത്തിലേക്കുളള ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്. സര്‍വ്വകലാശാലയിലെ എംസിഎ ഡിപ്പാര്‍ട്ട്മെന്‍റിലേക്കുളള ഫീസ് 225 ശതമാനമായും എംബിഎയ്ക്ക് 125 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ ഫീസ് വര്‍ധിപ്പിച്ചത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കി. 

നടപടിയില്‍ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യൂണിറ്റ് അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേഷന്‍ യൂണിയൻ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. 

രാജ്യത്തിലെ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ എറ്റവും അധികം ഫീസ് ഈടാക്കുന്ന പോണ്ടിച്ചേരി സർവ്വകലാശാല വിദ്യാഭ്യാസം കച്ചവടവത്ക്കരിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് തിങ്കളാഴ്ച മുതല്‍ സമരം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അനിയന്ത്രിതമായ ഫീസ് വർധന പിൻവലിക്കുക, ദളിത് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക, സെമസ്റ്റർ പരീക്ഷകൾക്ക് എക്സ്ടേണല്‍ ഇവാല്യൂവേഷൻ ഏർപ്പെടുത്തുക, റീവാലുവേഷൻ സാധൂകരിക്കുക, പോണ്ടിച്ചേരിയിലെ വിദ്യാർത്ഥികൾക്ക് 25 ശതമാനം സംവരണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ മറ്റ് ആവശ്യങ്ങൾ. 

അഡ്മിനിസ്ട്രേഷൻ കൗണ്‍സിലുമായുളള കൂടിക്കാഴ്ച അനുവദിച്ച സാഹചര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.