ദില്ലി: അറസ്റ്റ് ചെയ്ത് ഒരുമാസത്തോളമായി കസ്റ്റഡിയില്‍ തുടരുന്ന ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് മുന്‍ നടി പൂജാ ബേ‍ദി. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാന്‍ തീരുമാനിച്ച ഓഗസ്റ്റ് ആദ്യം മുതല്‍ വീട്ടുതടങ്കലിലാണ് ഒമര്‍ അബ്ദുള്ള. ട്വിറ്ററില്‍ പ്രധാനമന്ത്രി നേരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചില മാധ്യമപ്രവര്‍ത്തകരെയും ടാഗ് ചെയ്താണ് പൂജാ ബേദി ഇക്കാര്യം ആവശ്യപ്പെട്ടത്. 

''കഴിഞ്ഞ ഒരു മാസത്തോളമായി ഒമര്‍ അബ്ദുള്ളയെ തടവിലാണ്. അദ്ദേഹമെന്‍റെ സഹപാഠിയാണ്. കുടുംബസുഹൃത്തുകൂടിയാണ്. എല്ലാകാലത്തും അറസ്റ്റ് തുടരാനാകില്ല. അതിനാല്‍ ഒമര്‍ ബ്ദുള്ളയെ സ്വതന്ത്രമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നു. പരിഹാരം ഉടന്‍ കണ്ടേ മതിയാകൂ'' - പൂജാ ബേദി കുറിച്ചു. ഒമര്‍ അബ്ദുള്ളയ്ക്ക് പുറമെ പിതാവും മൂന്ന് തവണ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായിട്ടുള്ള ഫറൂഖ് അബ്ദുള്ള., മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരും വീട്ടുതടങ്കലിലാണ്.