അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിൽ ആക്രമണം നടത്തിയ ഏഴ് ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്
ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വീഴ്ച പരിശോധിക്കണമെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഭീകരാക്രമണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പി ബിയും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ കാര്യങ്ങളെല്ലാം നന്നായി പോകുന്നുവെങ്കിൽ എന്തുകൊണ്ട് സർക്കാർ തെരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. സമാധാന സാഹചര്യമാണെങ്കിൽ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂഞ്ചിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ സിപിഎം പിബി. ഭീകരവാദത്തെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചു.
അഞ്ചു സൈനികർ വീരൃത്യു വരിച്ച പൂഞ്ചിൽ ആക്രമണം നടത്തിയ ഏഴ് ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ താവളം സൈന്യം വളഞ്ഞെന്നാണ് സൂചന. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ആക്രമണത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് കുൽവന്ത് സിംഗിന്റെ പിതാവും രാജ്യത്തിനായി വീരമൃതു വരിച്ച സൈനികനായിരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകനാണ് കുൽ വന്ത് സിങ്ങ്. ഈ സാഹചര്യത്തിൽ കുൽവന്തിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്.
ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എൻഐഎ സംഘം സംഭവസ്ഥലത്ത് വിശദ പരിശോധന നടത്തി. ജമ്മു കശ്മീർ ഡിജിപിയും സ്ഥലം സന്ദർശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്.
