മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎൻയുവിൽ സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയ്ക്ക് (JNU) ചുറ്റും ഹിന്ദു സേനയുടേത് (Hindu Sena) എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജെഎൻയുവിനെ കാവിവൽക്കരിച്ചു എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിട്ടുള്ളത്. പോസ്റ്ററുകൾ പിന്നീട് ദില്ലി പൊലീസ് നീക്കി. പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെടുക്കുമെന്നും ദില്ലി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ജെഎന്‍യുവില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎൻയുവിൽ സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടായത്.
അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്നാണ് ഇടത് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. എന്നാൽ, രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. ജെഎൻയു സംഘർഷത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വി സി ശാന്തിശ്രീ പണ്ഡിറ്റ് അറിയിച്ചിരുന്നു.
നിഷ്പക്ഷമായ അന്വേഷണമാകും നടക്കുക. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വാദങ്ങൾ നിലവിലുണ്ട് ഈക്കാര്യങ്ങൾ പരിശോധിക്കും. റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെന്നും വിസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജെഎൻയു സർവകലാശാലയിലെ എബിവിപി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് വിദ്യാർഥി യൂണിയൻ ഉയര്‍ത്തിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് ബിജെപി ഒരുക്കം; നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി, എല്ലാ മാസവും സന്ദർശനം
ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാനത്തെ ബിജെപി നീക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കും. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. അതേസമയം കോൺഗ്രസിൽ നിന്ന് നേതാക്കളെ അടർത്തിയെടുത്ത് സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കാൻ ആംആദ്മി പാർട്ടി നീക്കം തുടങ്ങി.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബിജെപി. ഈ വർഷം അവസാനമാകും രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കച്ചിലെ സൂപ്പർ സ്പെഷ്യാലിറ്റ് ആശുപത്രി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശ് സ്ഥാപക ദിനത്തിൽ പ്രത്യേക സന്ദേശവും നല്കി. യുപിയിലെ വിജയത്തിൻറെ തൊട്ടടുത്ത ദിവസം ഗുജറാത്തിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയിരുന്നു. തിങ്കളാഴ്ച മുതൽ മൂന്നു ദിവസം വീണ്ടും മോദി ഗുജറാത്തിലേക്ക് പോകുകയാണ്. കർഷകരുടെ റാലിയിലും മോദി സംസാരിക്കും.
സംസ്ഥാനത്ത് 1995 മുതൽ തുടർച്ചയായി ബിജെപി ഭരണത്തിലുണ്ട് . പാർട്ടി സംവിധാനത്തെ തെരഞ്ഞെടുപ്പിന് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം സംസ്ഥാനത്തിൻറെ നിരീക്ഷണം മോദി നേരിട്ട് ഏറ്റെടുക്കുന്നത്. എല്ലാ മാസവും സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിന് മോദി എത്തും. അതേസമയം സംസ്ഥാനത്ത് പ്രതിപക്ഷനിരയിലെ ആശയക്കുഴപ്പം തുടരുകയാണ്. ഹാർദ്ദിക് പട്ടേൽ ഉയർത്തിയ പരസ്യവിമർശനം കോൺഗ്രസിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്. അവസരം പ്രയോജനപ്പെടുത്തി കോൺഗ്രസ് നേതാക്കളെ അടർത്താൻ അരവിന്ദ് കെജ്രിവാൾ നീക്കം തുടങ്ങി. ഹാർദ്ദിക്ക് പട്ടേൽ എഎപിയിൽ എത്തും എന്ന അഭ്യൂഹവും വീണ്ടും ശക്തമാകുകയാണ്.
