Asianet News MalayalamAsianet News Malayalam

​ഗുജറാത്തിലെ വ്യാജമദ്യ ദുരത്തിന് കാരണം 'പൊട്ട്ലി', വില പാക്കറ്റിന് 40 രൂപ

വെള്ളത്തിൽ മീഥൈൽ ആൽക്കഹോൾ കലർത്തിയാണ് വ്യാജമദ്യമുണ്ടാക്കിയത്. പിന്നീട് ഇത് നാട്ടുകാർക്ക് 40 രൂപയ്ക്ക് വിറ്റു. ഇത്തരം പോട്ട്ലികൾ 25 മുതൽ 50 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്.

potli of spurious liquor worth Rs 40 killed 37 in Gujarat
Author
Ahmedabad, First Published Jul 27, 2022, 1:18 PM IST

അഹമ്മദാബാദ്: ​ഗുജറാത്തിലെ  ബോട്ടാഡ് ജില്ലയിൽ വ്യാജമദ്യ ദുരന്തത്തിന് കാരണം  മീഥൈൽ ആൽക്കഹോൾ ഉപയോഗിച്ച് നിർമ്മിച്ച നാടൻ മദ്യമായ പൊട്ട്ലിയെന്ന് പൊലീസ്. പൊട്ട്ലിയെന്നത് ഈ മദ്യത്തിന്റെ പ്രാദേശികമായ പേരാണ്. നാടൻ നിർമ്മിത മദ്യം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വിൽക്കുന്നത്. ഒരു പാക്കറ്റിന് വെറും 40 രൂപയാണ് ശരാശരി വില. കൊള്ളപ്പലിശക്കാരാണ് മദ്യവിൽപനക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വെള്ളത്തിൽ മീഥൈൽ ആൽക്കഹോൾ കലർത്തിയാണ് വ്യാജമദ്യമുണ്ടാക്കിയത്. പിന്നീട് ഇത് നാട്ടുകാർക്ക് 40 രൂപയ്ക്ക് വിറ്റു. ഇത്തരം പോട്ട്ലികൾ 25 മുതൽ 50 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. സംഭവ ദിവസം ഓരോന്നിനും 40 രൂപയാണ് ഈടാക്കിയത്. ഹോളി സമയത്ത് വിൽക്കുന്നതുപോലെ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളാണ് പോട്ട്ലികൾ വിറ്റത്. ഇത് ഒരുപാക്കറ്റ് കഴിച്ചവർ തന്നെ മരിച്ചെന്നും പൊലീസ് പറഞ്ഞു.  14 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇരകൾ മീഥൈൽ ആൽക്കഹോൾ കഴിച്ചതായി ഫോറൻസിക് സ്ഥിരീകരിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് 14 പേർക്കെതിരെ കേസെടുത്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളിൽ ഭൂരിഭാഗം പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആശിഷ് ഭാട്ടിയ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗുജറാത്ത് വിഷ മദ്യ ദുരന്തം; എട്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം 37

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന ഐപിഎസ് ഓഫീസർ സുഭാഷ് ത്രിവേദിയുടെ നേതൃത്വത്തിൽ ഗുജറാത്ത് ആഭ്യന്തര വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

അതിനിടെ, ഭാവേഷ് ചാവ്‌ദ എന്ന 25കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ സംസ്‌കരിച്ചു. എന്നാൽ വ്യാജമദ്യം കഴിച്ചാണ് ഇയാൾ മരിച്ചതെന്ന സംശയത്തിൽ ഫോറൻസിക് സംഘം മൃതദേഹം പുറത്തെടുക്കാൻ ചാവ്ദയിലെത്തി. ഞായറാഴ്ച ചാവ്ദയ്ക്ക് തലകറക്കം, കാഴ്ച മങ്ങൽ, വയറുവേദന, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ നില വഷളായി. സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

ചാവ്ദയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. പിന്നീടാണ് വ്യാജമദ്യ ദുരന്ത വാർത്ത പുറത്തുവന്നത്. ചൊവ്വാഴ്ച വൈകീട്ട് പോലീസും എഫ്എസ്എൽ സംഘവും അക്രു ഗ്രാമത്തിലെത്തി കുഴിയടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.

Follow Us:
Download App:
  • android
  • ios