കൊൽക്കത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡ‍ിജിപിയോടും വൈകിട്ട് ദില്ലിയിൽ എത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് എത്തണമെന്നാണ് നിർദ്ദേശം. ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വീണ്ടും ആഭ്യന്തര മന്ത്രാലയം ദില്ലിക്ക് വിളിപ്പിച്ചത്. നാളെ അമിത് ഷാ ബംഗാളിലേക്ക് പോകാനിരിക്കെയാണ് ഇത്. 

ബം​ഗാളിലെ അമിത്ഷായുടെ പരിപാടികൾ ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും. ത്രിണമൂൽ കോൺ​ഗ്രസ് വിമതൻ സുവേന്ദു അധികാരി അമിത് ഷായുടെ റാലിയിൽ വച്ച് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ഷായുടെ സന്ദർശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരിൽ വച്ചായിരിക്കും ഇവർ ഒരുമിച്ച് വേദി പങ്കിടുക. അധികാരിക്കൊപ്പം കൂടുതൽ തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് സൂചന. 

ബംഗാൾ പിടിക്കാൻ വലിയ പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നത്. മണ്ഡലങ്ങളുടെ ചുമതല നൽകി കേന്ദ്ര മന്ത്രിമാർ അടക്കം ഏഴ് പേരെ കഴിഞ്ഞ ദിവസം ബിജെപി ബംഗാളിലേക്ക് നിയോഗിച്ചിരുന്നു. നേരത്തെ  ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ ചൊല്ലിയുള്ള തർക്കം ഉടലെടുക്കുന്നത്

നദ്ദയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സുരക്ഷ വീഴ്ച ആരോപിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചു. നീക്കം സംസ്ഥാന അധികാരത്തിന് മേലുള്ള കടന്നുക്കയറ്റമാണെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി നിലപാടെടുത്തു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലമാറ്റ ഉത്തരവും ഇറക്കി. ഹാർബര്‍ എസ് പി ബോലാനാഥ് പാണ്ഡയെ ബ്യൂറോ ഓഫ് പൊലീസ് റിസർ‍ച്ചിലേക്കും  പ്രസിഡന്‍സ് റെയ്ഞ്ച് ഡിഐജി പ്രവീണ്‍ ത്രിപാഠിയെ ഐറ്റിബപി ഐജിയാക്കിയും, സൗത്ത് ബംഗാള്‍ എഡിജി  രാജീവ് മിശ്ര എസ്എസ്ബിലേക്കും സ്ഥലം മാറ്റിയാണ് ഉത്തരവ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാര വടംവലിയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.