സർക്കാരുൾപ്പെടുന്ന കേസുകളുടെ നടപടി ക്രമങ്ങൾക്ക് സുപ്രീം കോടതിയിൽ കരട് സമർപ്പിച്ച് കേന്ദ്രം. കോടതിയിൽ പറയുന്ന വാദങ്ങളുടെ പേരിൽ സർക്കാർ അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യം പാടില്ലെന്നും അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു വരുത്താവുവെന്നുമുള്ള നിർദ്ദേശങ്ങളും കരടിലുണ്ട്.
ദില്ലി: സർക്കാർ ഉൾപ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്ക് കരട് സമർപ്പിച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ കരട് സമർപ്പിച്ചത്. കരടിൽ അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ സർക്കാർ ഉദ്യോഗസ്ഥരെ കോടതി വിളിപ്പിച്ചു വരുത്താൻ പാടുള്ളുവെന്നും കോടതിയിൽ പറയുന്ന വാദങ്ങളുടെ പേരിൽ സർക്കാർ അഭിഭാഷകർക്കെതിരെ കോടതിയലക്ഷ്യം പാടില്ലെന്നതും അടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ട്. കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥനെ അവഹേളിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും നയപരമായ വിഷയങ്ങളിൽ തീരുമാനം സർക്കാരിന് വിടണമെന്നുമടക്കമുള്ള നിർദ്ദേശങ്ങളും കരടിൽ പറയുന്നു.
ജുഡീഷ്യറിയും സർക്കാരും തമ്മിൽ സൗഹാർദ്ദപരവും അനുകൂലവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.
Read More: കോടതി ഉത്തരവുകളിലെ സ്ത്രീകളെ കുറിച്ചുള്ള 'സ്റ്റീരിയോടൈപ്പ്' പ്രയോഗങ്ങൾ; ജഡ്ജിമാർക്കായി ശൈലീപുസ്തകം
അതേസമയം, ജുഡീഷ്യറിയെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആക്ഷേപം പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നതിനിടെ ആണ് പുതിയ നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. നേരത്തെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും രണ്ട് തട്ടിലായിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങളും ദൗര്‍ഭാഗ്യകരമെന്ന് അന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചിരുന്നു.
