Asianet News MalayalamAsianet News Malayalam

ഗോവയിൽ സ്പീക്കർ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും; രാഷ്ട്രീയപ്രതിസന്ധി തുടരുന്നു

മനോഹർ പരീക്കറുടെ മരണത്തോടെ കടുത്ത രാഷ്ട്രീയപ്രതിസന്ധിയാണ് ഗോവയിൽ ബിജെപി നേരിടുന്നത്. സർക്കാരുണ്ടാക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. 

Pramod Sawant To Be Goa Chief Minister
Author
Panaji, First Published Mar 18, 2019, 7:52 PM IST

പനാജി: മനോഹർ പരീക്കറുടെ മരണത്തിന് പിന്നാലെ ഉടലെടുത്ത ഗോവയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പുതിയ പ്രശ്നപരിഹാരഫോർമുലയുമായി ബിജെപി. നിലവിൽ സ്പീക്കറായ ബിജെപി എംഎൽഎ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച ഘടകകക്ഷികളിൽ നിന്ന് ഓരോരുത്തരെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നിലവിലെ തീരുമാനം.

ഇന്ന് തന്നെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വവും മുതിർന്ന മന്ത്രിമാരും ഇപ്പോൾ പനാജിയിലുണ്ട്. മനോഹർ പരീക്കറുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷമാണ് അമിത് ഷാ ഉൾപ്പടെ നേതാക്കളും സഖ്യകക്ഷികളുമെല്ലാം ഒന്നിച്ചിരുന്ന് ചർച്ച നടത്തി ധാരണയിലെത്തിയത്. 

നിലവിൽ മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി, ഗോവാ ഫോർവേഡ് പാർട്ടി എന്നീ ഘടകകക്ഷികളിൽ നിന്ന് ഓരോരുത്തർ വീതം ഉപമുഖ്യമന്ത്രിമാരാക്കാനാണ് തീരുമാനം. സുധീൻ ധാവാലികറും വിജയ് സർദേശായിയുമാണ് ഉപമുഖ്യമന്ത്രിമാരാകുക. രണ്ട് പേരും മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിരുന്നവരാണ്. ‍

ഇന്നലെ പരീക്കറിന്‍റെ ആരോഗ്യനില വഷളായെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് തിരക്കിട്ട് മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് രംഗത്ത് വന്നിരുന്നു. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ പരീക്കർക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികൾ കൂടി രംഗത്ത് വന്നതോടെ അമിത് ഷാ ഇടപെട്ടു. സമവായ ചർച്ചകൾ നടത്തി. ഒടുവിലാണ് ഈ ഒത്തുതീർപ്പ് ഫോർമുലയിലെത്തിയിരിക്കുന്നത്. 

നിതിൻ ഗഡ്‍കരിയുടെ നേതൃത്വത്തിലാണ് ഇന്നലെ ബിജെപി ചർച്ചകൾ നടത്തിയത്. ഇന്നലെ രാത്രിമുതൽ എംഎൽഎമാരെയും നേതാക്കളെയും ഗഡ്‍കരി നേരിട്ട് കണ്ടു. സ്പീക്കർ പ്രമോദ് സാവന്ത്, മന്ത്രിയായ വിശ്വജിത്ത് റാണെ, ബിജെപി അധ്യക്ഷൻ വിനയ് ടെൻഡുൽക്കർ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ.

ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധീപ് ധാവാലികർ ആവശ്യപ്പെട്ടു.എന്നാൽ മുഖ്യമന്ത്രി ബിജെപിയിൽ നിന്ന് തന്നെ വേണമെന്ന് അമിത് ഷായ്ക്ക് നിർബന്ധമായിരുന്നു. 

നേരിയ ഭൂരിപക്ഷത്തിലാണ് ഗോവയിൽ ബിജെപി സഖ്യകക്ഷി സർക്കാർ നിലനിൽക്കുന്നത്. നാൽപതംഗ നിയമസഭയിൽ 14 എംഎൽമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. പരീക്കറുടെ മരണത്തോടെ 12-ലേക്ക് ചുരുങ്ങിയ ബിജെപിക്ക് ഇതു വരെ പിന്തുണച്ച ആറ് ഘടകകക്ഷി എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ നിർണ്ണായകമാണ്.

Follow Us:
Download App:
  • android
  • ios