ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല.ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണബ് മുഖർജി നിലവിൽ അബോധാവസ്ഥയിൽ തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിൻറെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. 

സ്ഥിതി മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഇന്നിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലും ഡോക്ടർമാർ അറിയിച്ചത്. കൊവിഡ് പരിശോധനയിൽ പൊസീറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് പ്രണബിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ അദ്ദേഹത്തിൻ്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതായി കണ്ടെത്തി. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തതടസം പരിഹരിച്ചെങ്കിലും അദ്ദേഹം ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.