Asianet News MalayalamAsianet News Malayalam

പ്രണബ് മുഖര്‍ജിക്ക് വിട; മുൻ രാഷ്ട്രപതിയുടെ സംസ്കാരം അല്‍പസമയത്തിനകം

പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര ഒഴിവാക്കി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.

pranab mukherjee funeral today 7 day mourning announced in memory of former president
Author
Delhi, First Published Sep 1, 2020, 1:09 PM IST

ദില്ലി: അന്തരിച്ച  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം പൂര്‍ണ്ണ ദേശീയ ബഹുമതികളോടെ അല്‍പ സമയത്തിനകം ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. രാജാജി മാര്‍ഗിലെ വസതിയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പൊതുദര്‍ശനം മുതല്‍ സംസ്കാരം വരെയുള്ള ചടങ്ങുകള്‍ നടക്കുന്നത്. 

ആര്‍മി റിസർച്ച് ആൻഡ് റഫറല്‍ ആശുപത്രിയില്‍ നിന്ന് രാവിലെ ഒന്‍പതരയോടെ പ്രണബ് മുഖര്‍ജിയുടെ മൃതദേഹം രാജാജി റോഡിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ചു. കൊവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടുനല്‍കിയത്. മൃതദേഹം അടങ്ങിയ പേടകം വസതിയിലെ  പ്രത്യേകം മുറിയിൽ വയ്ക്കുകയായിരുന്നു.

മറ്റൊരു മുറിയില്‍ പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. 

കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള അമിത്ഷാ അടക്കമുളള നേതാക്കള്‍ പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വിലാപയാത്ര ഒഴിവാക്കി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഒരാഴ്ച രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios