Asianet News MalayalamAsianet News Malayalam

'നെതന്യാഹു സർക്കാരിൽ എല്ലാം തീവ്രവാദികൾ, ഹിറ്റ്ലറെ പോലുള്ള നേതാക്കൾ';  പലസ്തീൻ അംബാസഡർ പറയുന്നു

''തുടങ്ങിയത് ശനിയാഴ്ച അല്ല. ഇത് ഏറെക്കാലം മുമ്പ് തുടങ്ങിയതാണ്. നെതന്യാഹുവിന്റെ പുതിയ സർക്കാരിൽ എല്ലാം തീവ്രവാദികളാണ്. ഹിറ്റ്ലറെ പോലുള്ള നേതാക്കളാണ്''

Prasanth reghuvamsom interview with Palestine ambassador adnan abu alhaija prm
Author
First Published Oct 14, 2023, 3:27 PM IST

സ്രയേൽ-ഹമാസ് യുദ്ധം മൂർച്ചിക്കുന്നതിനിടെ മധ്യേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ പ്രശാന്ത് രഘുവംശത്തിന് നൽകിയ അഭിമുഖം. 

ഇപ്പോഴത്തെ സ്ഥിതി എന്താണ്, പ്രത്യേകിച്ച് ഗാസാ മുനമ്പിൽ. ഇസ്രയേൽ ആക്രമണം തുടങ്ങിയതിനു ശേഷം എത്രപേർ കൊല്ലപ്പെട്ടു?

ഇതൊരു യുദ്ധമാണ്. എല്ലാ യുദ്ധവും നല്ലതല്ല. ഗാസയിൽ ഇരുപത്തിരണ്ട് ലക്ഷം പേർ താമസിക്കുന്നു. ആ ചെറിയ പ്രദേശത്ത് ഇത്രയും ആളുകൾ തിങ്ങി താമസിക്കുകയാണ്. പതിനാറു കൊല്ലമായി ഗാസയിൽ ഉപരോധമാണ്. ഇത്രയും ജനങ്ങൾക്ക് ഇത് ഒരു തുറന്ന ജയിലു പോലെയാണ്. കഴിഞ്ഞ ശനിയാഴ്ചയ്ക്ക് മുമ്പ് തന്നെ എഴുപത് ശതമാനം ആളുകൾ ദാരിദ്ര്യത്തിലാണ് കഴിഞ്ഞത്.

ഇത് എവിടേക്കാണ് പോകുന്നത്, ആൻറണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറിനെ കണ്ടിരുന്നു. എന്തെങ്കിലും പ്രശ്ന പരിഹാരത്തിന് ഇസ്രയേൽ തയ്യാറാകുമെന്ന് കരുതുന്നുണ്ടോ?

ആദ്യ ദിവസം മുതൽ വെടിനിർത്തലിന് ഞങ്ങളുടെ പ്രസിഡൻറ് കഠിന പ്രയത്നം ചെയ്യുകയാണ്. എന്നാൽ ഇസ്രയേൽ ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ഇസ്രയേലിന് അമേരിക്കയുടെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. അമേരിക്ക ഗാസയിലെ ഒരു സംഘടനയ്ക്കെതിരെ വിമാനവാഹിനി കപ്പൽ കൊണ്ടു വന്നത് പരിഹാസ്യമാണ്. ഇസ്രയേൽ ശക്തമായ സൈന്യമാണ്. കാരണം അവർക്ക് അത്യാധുനിക ആയുധങ്ങളുണ്ട്. അവരെ സൈനിക ബേസായാണ് സൃഷ്ടിച്ചത്.

ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് എല്ലാം തുടങ്ങിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഭീകരാക്രമണം എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെ എങ്ങനെ കാണുന്നു?

തുടങ്ങിയത് ശനിയാഴ്ച അല്ല. ഇത് ഏറെക്കാലം മുമ്പ് തുടങ്ങിയതാണ്. നെതന്യാഹുവിന്റെ പുതിയ സർക്കാരിൽ എല്ലാം തീവ്രവാദികളാണ്. ഹിറ്റ്ലറെ പോലുള്ള നേതാക്കളാണ്. ഭീകരവാദികൾ അധിനിവേശം നടത്തുന്നവരാണ്. ഇത് ചെറുക്കുന്നവരല്ല ഭീകരർ. എല്ലാ ദിവസവും അവർ ഞങ്ങളെ ജയിലിൽ ഇടുന്നു. കഴിഞ്ഞ ദിവസം 60 പേരെ അവർ ജയിലിൽ ഇട്ടു. അർധരാത്രിക്കു ശേഷം വീടുകൾ ആക്രമിച്ച് കുട്ടികളെ പോലും ജയിലിൽ ഇടുന്നു

അതായത് മോദി പറഞ്ഞതു പോലെ ഇത് ഭീകരവാദം അല്ല എന്നാണോ?

ഞാൻ നരേന്ദ്ര മോദിയോട് വാക്കു തർക്കത്തിനില്ല. പലസ്തീൻ ജനതയുടെ സാഹചര്യം ഞാൻ വിശദീകരിക്കുകയാണ്. അധിനിവേശത്തെയും  സാമ്രാജ്യത്തെയും സായുധ സമരത്തിലൂടെ ഉൾപ്പടെ ചെറുക്കാനുള്ള അവകാശം ഉണ്ട്. ഇപ്പോൾ സായുധ സമരം ഞങ്ങൾ നടത്തുന്നില്ല. ഗാസയിൽ ഹമാസ് ആയുധം കൈയിലെടുത്തത് പലസ്തീൻ ജനതയ്ക്കു നേരെയുള്ള ആക്രമം കാരണമാണ്.

ഇന്ത്യ ഇസ്രയേലിനൊപ്പമാണ് എന്ന നിലപാടിനെ എങ്ങനെയാണ് കാണുന്നത്?

വിദേശകാര്യ വക്താവ് പരമാധികാര സ്വതന്ത്ര പലസ്തീൻ വേണം എന്നു പറയുന്നതും കേട്ടിരുന്നു. ഇന്ത്യ പക്ഷം പിടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. മഹാത്മ ഗാന്ധി സ്വീകരിച്ച നയം ഇന്ത്യ തുടരും എന്ന് കരുതുന്നു. പലസ്തീൻ ജനതക്ക് മറ്റ് എല്ലാവരെ പോലും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ജയിലിൽ പോകാതെയും അക്രമത്തിന് ഇരയാകാതെയും ജീവിക്കാനുള്ള അവകാശം ഞങ്ങളുടെ കുട്ടികൾക്കുണ്ട്.

ഹമാസുമായി വിഷയം പരിഹരിക്കാൻ ചർച്ച നടത്തുന്നുണ്ടോ?

ഹമാസുമായി സമ്പർക്കത്തിലാണ്. അവരും 1967ലെ അതിർത്തികൾ അംഗീകരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി പലസ്തീൻ രൂപികരിക്കുന്നതിനോട് യോജിക്കുന്നുണ്ട്. എന്നാൽ ഇസ്രയേൽ ഇത് അംഗീകരിക്കുന്നില്ല. പലസ്തീൻ അതോറിറ്റി ഓസ്ലോ ഉടമ്പടി ഒപ്പു വച്ചപ്പോൾ എന്തു ചെയ്തു എന്നത് ഹമാസ് കാണുന്നുണ്ട്. അവർ എല്ലാ ദിവസവും ഇപ്പോഴും ജനങ്ങളെ ഉപദ്രവിക്കുന്നു. ഒലിവ് പഴം ശേഖരിച്ചു വച്ചാൽ പോലും അവർ തോക്കുമായി എത്തി ഇത് തട്ടിയെടുത്തു കൊണ്ട് പോകും. ഇതാണ് തീവ്രവാദ സർക്കാരിൽ നിന്ന് ഞങ്ങൾ നേരിടുന്നത്

ഇന്ത്യയ്ക്ക് ഇപ്പോൾ എന്തു ചെയ്യാൻ കഴിയും എന്നാണ് താങ്കൾ കരുതുന്നത്?

ഇന്ത്യ ഏറെ ആദരിക്കപ്പെടുന്ന രാജ്യമാണ്. പ്രധാനമന്ത്രിക്ക് നല്ല ബന്ധം ഇസ്രയേലുമായും പലസ്തീനുമായും ഉണ്ട്. നെതന്യാഹുവുമായി മോദി സംസാരിച്ചിരുന്നു. ഇസ്രയേലിന്റെ തീവ്രനിലപാട് അവസാനിപ്പിക്കാൻ മോദി നെതന്യാഹുവിനോട് പറയണം. ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഒക്കെ സംസാരിച്ച് ഈ യുദ്ധകുറ്റം അവസാനിപ്പിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ ഇത് അവസാന യുദ്ധം ആയിരിക്കില്ല.

കേരളത്തിലുള്ളവരുമായി സമ്പർക്കത്തിലാണോ?

അതെ കേരളത്തിലെ പരിപാടികൾക്ക് ‌ഞാൻ വിഡിയോ അയച്ചിരുന്നു. കോഴിക്കോടും മലപ്പുറത്തും കൊച്ചിയിലും ഒക്കെ വിഡിയോ അയച്ചു നൽകി. ഇന്ത്യയിലെ പൊതുവികാരം പലസ്തീന്റെ കൂടെയാണ്. സാമൂഹ്യമാധ്യമങ്ങളിലും കൂടുതൽ പേരും ഈ നിലപാടിലാണ്. ഒരു പ്രശ്നപരിഹാരത്തിന് സമാധാനത്തിനും പിന്തുണ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios