ദില്ലി: അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനൊപ്പം ചേർന്നതിൽ തെറ്റുപറ്റിയെന്ന്  മുതിർന്ന സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ലോക്പാൽ പ്രസ്ഥാനത്തിന്റെ പ്രയോജനം നരേന്ദ്ര മോദിക്കും ബി ജെ പിക്കുമാണ് ലഭിക്കുക എന്നറിഞ്ഞിരുന്നെങ്കിൽ താനൊരിക്കലും പ്രസ്ഥാനത്തിന്റെ ഭാഗമാകില്ലായിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.

'ദ വയറിൽ' പ്രശാന്ത് ഭൂഷൺ എഴുതിയ ലേഖനത്തിന് മറുപടിയായി ഇതിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ദിലീപ് മണ്ഡൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് തെറ്റ് തുറന്ന് സമ്മതിച്ച് പ്രശാന്ത് ഭൂഷൺ രം​ഗത്തെത്തിയത്.

'താങ്കൾ പറയുന്നത് ശരിയാണ്. ലോക് പാൽ സമരത്തിന്റെ ഗുണം ബിജെപിക്ക് കിട്ടും എന്ന്  അറിഞ്ഞിരുന്നെങ്കിൽ, അത് മുതലെടുത്ത് ഒരു വർഗ്ഗീയ ഫാസിസ്റ്റ് സർക്കാർ, അതും കോൺഗ്രസിനേക്കാൾ അഴിമതിക്കാരും അപകടകാരികളുമായ ഒരു കൂട്ടർ കേന്ദ്രത്തിൽ അധികാരത്തിലേറും എന്ന് അറിഞ്ഞിരുന്നവെങ്കിൽ, ഒരു പക്ഷേ  ആ മുന്നേറ്റത്തിൽ പങ്കാളിയാകില്ലായിരുന്നു- പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചു.