പാട്ന: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ നിയമം നടപ്പിലാക്കാത്തതെന്തു കൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു. 

സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും വിമത സ്വരം ഉയര്‍ത്തുന്നതും നല്ല സൂചനകളല്ലെന്ന് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു. 'അമിത് ഷാ ജി, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ പ്രതിഷേധിക്കുന്നവരെ നിങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയും എന്‍ ആര്‍സിയും നടപ്പിലാക്കാന്‍ വൈകുന്നത്. നിയമം നടപ്പിലാക്കുമെന്ന് രാജ്യത്തോട് ധിക്കാരപരമായി പ്രഖ്യാപിച്ചതാണെ'ന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. 

Read More: പൗരത്വ നിയമ ഭേദഗതി: മോദിയെയും അമിത് ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് കപില്‍ സിബല്‍

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ലഖ്നൗവില്‍ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയില്‍ അമിത് ഷാ പറഞ്ഞിരുന്നു. നിങ്ങള്‍ കഴിയും വിധം പ്രതിഷേധിച്ചോളൂ. പക്ഷേ സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, ബിഎസ്‍പി നേതാവ് മായാവതി എന്നിവരെ അമിത് ഷാ പേരെടുത്ത് വിമര്‍ശിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്താല്‍ കോണ്‍ഗ്രസിന് കണ്ണ് കാണുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചിരുന്നു.