ബെംഗളൂരു: ആകാശത്ത് പ്രസവമോ എന്ന് ചിന്തിക്കുകയാണോ? വിമാന യാത്രക്കിടെ ഗർഭിണികൾ പ്രസവിക്കുന്നത് ആദ്യ സംഭവമല്ലല്ലോ. ഇന്നിതാ ഇന്ത്യയുടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിരുന്നു അപൂർവ പ്രസവം. വിമാനം 7.40 ന് ബെംഗളൂരുവിൽ ഇറങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഇന്റിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു. യുവതിക്ക് വേണ്ട വൈദ്യസഹായം നൽകുന്നതിന് സഹായിച്ച എല്ലാവരെയും കമ്പനി അഭിനന്ദിച്ചു.