അയോധ്യയിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ, ചരിത്രം സൂക്ഷിക്കാൻ ക്ഷേത്രത്തോട് ചേര്‍ന്ന് മ്യൂസിയമൊരുങ്ങുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നൃപേന്ദ്ര മിശ്രയാണ് പദ്ധതിയുടെ നേതൃത്വത്തിലും നിര്‍വഹണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത്.

ദില്ലി: അയോധ്യയിലെ രാമ ക്ഷേത്രമുണ്ടെന്ന വിശ്വാസത്തിന് പിന്നിലെ കാരണങ്ങള്‍ വിവരിച്ച് ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നൃപേന്ദ്ര മിശ്ര ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നൃപേന്ദ്ര മിശ്രയാണ് പദ്ധതിയുടെ നേതൃത്വത്തിലും നിര്‍വഹണത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ഗവേഷണത്തില്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളുടെയും വാസ്തുവിദ്യ അവശിഷ്ടങ്ങളുടെയും പഠനത്തില്‍ നിന്നാണ് പ്രദേശത്തിന്റെ ചരിത്രപരവും മതപരവുമായി പ്രാധാന്യം സ്ഥിരീകരിച്ചതെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. കണ്ടെത്തിയ കലാസൃഷ്ടികള്‍ ക്ഷേത്രമുണ്ടായിരുന്നെന്നതിന്റെ തെളിവാണ്. എന്നാല്‍ ക്ഷേത്രനിര്‍മാണത്തില്‍ അവ ഉപയോഗിച്ചിട്ടില്ല. കണ്ടെത്തിയവ അതി പുരാതനമാണ്. അവയ്ക്ക് പിന്നിലൊരു ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മ്മിക്കാന്‍ പോകുന്ന മ്യൂസിയത്തില്‍ അവ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നൃപേന്ദ്ര മിശ്ര അഭിമുഖത്തില്‍ പറഞ്ഞു.
പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകള്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം മ്യൂസിയത്തില്‍ സ്ഥാപിക്കാനാണ് തീരുമാനം. മ്യൂസിയത്തിന്റെ നിര്‍മ്മാണം സുപ്രധാനമാണ്. അയോധ്യ ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന രാം കഥ അന്താരാഷ്ട്ര മ്യൂസിയം ട്രസ്റ്റിലേക്ക് മാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ട്രസ്റ്റ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും നൃപേന്ദ്ര മിശ്ര അഭിമുഖത്തില്‍ വിശദീകരിച്ചു.
ക്ഷേത്രത്തിന്റെ ചരിത്രപരവും മതപരവുമായ പ്രാധാന്യം മനസിലാക്കാന്‍ മ്യൂസിയം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാം. അയോധ്യയുടെ 500 വര്‍ഷത്തെ ചരിത്ര വിവരണങ്ങളുടെയും രേഖകളുടെയും ഒരു കലവറയായിരിക്കും മ്യൂസിയമെന്നും ഉറപ്പ് നല്‍കുന്നു. പുരാവസ്തു കണ്ടെത്തലുകള്‍, ചരിത്രരേഖകള്‍, രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായ നിയമപോരാട്ടങ്ങള്‍ എന്നിവ വിശദമാക്കുന്ന സമഗ്രമായ വിവര സ്രോതസായിരിക്കും മ്യൂസിയമെന്നും മിശ്ര അഭിപ്രായപ്പെട്ടു.