Asianet News MalayalamAsianet News Malayalam

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

മുൻനിരകോടതിയിൽ നിന്ന് തീർത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ കൊളീജിയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതിന് മറുപടിയായി ഒറ്റ നടപടിയേ വിജയ താഹിൽരമാനിയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ - രാജി. 

president accepts the resignation of madras high court chief justice vijaya tahilramani
Author
Chennai, First Published Sep 21, 2019, 7:39 AM IST

ദില്ലി/ചെന്നൈ: മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. 

സെപ്റ്റംബർ 6-നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി രാജി സമർപ്പിച്ചത്. 2020 ഒക്ടോബർ 3 വരെ സർവീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ ന്യായാധിപയായ വിജയ താഹിൽ രമാനി രാജിവച്ചൊഴിയുന്നത്. 

കൂടുതൽ വായിക്കാം: പ്രതിഷേധം തന്നെ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി കോടതിയിലെത്തിയില്ല

രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളാണ് വിജയ താഹിൽരമാനി. ദീർഘകാലപരിചയമുള്ള വനിതാജഡ്‍ജിമാരിൽ മുൻനിരക്കാരി. ചെന്നൈയിലെ 75 ജഡ്‍ജിമാരുള്ള ഒരു ഹൈക്കോടതിയും, 32 ജില്ലകളിലെ സബോർഡിനേറ്റ് കോടതികളും, പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്‍ജിമാരും ഏഴ് ജില്ലകളിലെ സബോർഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹിൽ രമാനിയെ സ്ഥലം മാറ്റുന്നത്. സുപ്രധാനമായ നിരവധി വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന്, ആളും കേസുമില്ലാത്ത മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന പതിവ് പൊതുവെ ഇല്ലാത്തതാണ്.

അങ്ങനെ കീഴ്‍വഴക്കം ലംഘിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ സ്ഥലംമാറ്റം, ശിക്ഷണനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടാണ്, സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് വിജയ താഹിൽ രമാനി രാജിവെച്ച്, തലയുയർത്തിപ്പിടിച്ചു തന്നെ പുറത്തുപോകുന്നത്. ഇപ്പോൾ മേഘാലയ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്‍റെ ഒഴിവില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ അവിടെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന അജയ് കുമാർ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് വിജയ താഹിൽ രമാനിയെ അങ്ങോട്ട് സ്ഥലംമാറ്റാൻ കൊളീജിയം തീരുമാനിച്ചത്. 

രാജ്യത്തെ മുൻനിരകോടതിയിൽ നിന്ന് തീർത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ കൊളീജിയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതിന് മറുപടിയായി ഒറ്റ നടപടിയേ വിജയ താഹിൽരമാനിയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ - രാജി. 

കൂടുതൽ വായിക്കാം: ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമാനിക്കൊപ്പം അഭിഭാഷകര്‍: കോടതി ബഹിഷ്കരിച്ച് പ്രതിഷേധം

1982-ലാണ് അവർ മഹാരാഷ്ട്ര ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ  ചെയ്യുന്നത്. പ്രസിദ്ധ അഭിഭാഷകനായ അച്ഛൻ, എൽ വി കാപ്സെയുടെ ചേംബറിലാണ് ആദ്യമായി വക്കാലത്തുകൾ ഏറ്റെടുത്ത് കേസുനടത്തുന്നത്. അധികം താമസിയാതെ സ്വന്തമായി ഓഫീസ് തുറക്കുന്നു. 1990 -ൽ അസിസ്റ്റന്റ് ഗവണ്മെന്റ് പ്ലീഡറും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമനം ലഭിക്കുന്നു. 2001 -ൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടുന്നു.

2018 ഓഗസ്റ്റിലാണ് ബോംബെ ഹൈക്കോടതിയിൽ ജഡ്ജായിരുന്ന വിജയ താഹിൽ രമാനിയെ മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത്. തന്റെ അറുപതാമത്തെ വയസ്സിലായിരുന്നു അവർക്ക്  ചീഫ് ജസ്റ്റിസ് സ്ഥാനം കിട്ടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ കൂടിയ കൊളീജിയം മീറ്റിങ്ങിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

വിജയ താഹിൽരമാനി ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് 2017 -ൽ ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുള്ള ബിൽക്കിസ് ബാനോ കേസ് വിചാരണയ്‌ക്കെടുക്കുന്നത്. പ്രസ്തുത കേസിൽ അവർ പുറപ്പെടുവിച്ച 400 പേജുള്ള വിധിന്യായം ശ്രദ്ധേയമായിരുന്നു. ആ കേസ് വിസ്തരിച്ച വിജയ താഹിൽ രമാനി പതിനൊന്നു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.  

2017-ലും സ്ഥലം മാറ്റം ജുഡീഷ്യറിയിൽ കലാപം സൃഷ്ടിച്ച സമാനമായ സംഭവമുണ്ടായിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാനിരിക്കെ ജസ്റ്റിസ് ജയന്ത് പട്ടേലിനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അദ്ദേഹം രാജി വച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജയന്ത് പട്ടേൽ.  

കൂടുതൽ വായിക്കാം: 'എല്ലാറ്റിനും കാരണമുണ്ട്': വിവാദമായ ജഡ്‍ജിമാരുടെ സ്ഥലം മാറ്റങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതി

Follow Us:
Download App:
  • android
  • ios