Asianet News MalayalamAsianet News Malayalam

Presidential Election : രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു എൻഡിഎ സ്ഥാനാര്‍ത്ഥി

ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമു ആണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. 

President Polls Draupadi Murmu former Jharkhand Governor is the BJP candidate
Author
Delhi, First Published Jun 21, 2022, 9:34 PM IST

ദില്ലി: ദ്രൗപതി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. ഇന്ന് ചേർന്ന് പാർലമെന്‍ററി ബോർഡാണ് ഝാർഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. മുൻധനമന്ത്രി യശ്വന്ത് സിൻഹയെയാണ് പ്രതിപക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒന്നര മണിക്കൂർ നീണ്ട് നിന്ന ബിജെപി പാർലമെന്‍റ് ബോർഡ് യോഗത്തിന് ശേഷമാണ്, സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നൊരു വനിത, ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും എന്ന പ്രഖ്യാപനം വന്നത്. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രണ്ട് തവണ സംസ്ഥാനത്തെ എംഎൽഎ ആയിരുന്നു. നാല് വർഷം മന്ത്രിയായി പ്രവർത്തിച്ചു. ഒഡീഷയിൽ ട്രാൻസ്പോട്ട്. ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും ദ്രൗപദി പ്രവത്തിച്ചു. 2015 ൽ ജാർഖണ്ഡ് ഗവർണറായി. വിദ്യാഭ്യാസ മേഖലയിൽ ദ്രൗപദി മുർമു നടത്തിയ പ്രവത്തനങ്ങളും രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുമ്പോൾ പരിഗണിച്ചുവെന്ന് ജെപി നദ്ദ അറിയിച്ചു. 

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമുവിന്‍റെ ജനനം. സന്താൾ വശജയാണ് ഇവര്‍. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യവനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ് മുർമു. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. മികച്ച എം എൽ എയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു. 

Also Read: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യശ്വന്ത് സിൻഹയ്ക്ക് പിന്തുണയുമായി ആം ആദ്മിയും ടിആര്‍എസും

2015 ലാണ്  ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിക്കപ്പെട്ടത്. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി.  2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു.  2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ. 

Also Read: രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ച് 20 പേരുകൾ ഒടുവിൽ ദ്രൗപതി മുർമുവിൽ ഉറപ്പിച്ച് ബിജെപി

ബിരാഞ്ചി നാരായൺ തുഡുവാണ് ദ്രൗപതി മുർമുവിന്‍റെ പിതാവ്. ആദിവാസി വിഭാ​ഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട്‍ ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. എന്നാൽ ഭർത്താവും രണ്ട്‍ ആൺകുട്ടികളും മരിച്ചു. 

Also Read:  'ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി': ദ്രൗപതി മുർമുവിനെക്കുറിച്ച് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios