ദില്ലി: മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളുമായ അടല്‍ ബിഹാരി വാജ്‌പേയി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.   ഒന്നാം ചരമവാര്‍ഷികദിനത്തില്‍ വാജ്പേയിയുടെ സ്‌മാരകമന്ദിരമായ സദൈവ് അടലിലെത്തി   രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി നാഷണല്‍ വര്‍ക്കിങ് പ്രസിഡന്‍റ്  ജെ പി നദ്ദ തുടങ്ങിയവര്‍  പ്രണാമം അര്‍പ്പിച്ചു.

വാജ്‌പേയിയുടെ മകൾ നമിത കൗൾ ഭട്ടാചാര്യ, ചെറുമകൾ നിഹാരിക എന്നിവരും സദൈവ് അടലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. 

മൂന്ന് തവണ പ്രധാനമന്ത്രിയായ വാജ്പേയി ബിജെപിയില്‍ നിന്നുള്ള  ആദ്യ പ്രധാനമന്ത്രി കൂടിയായിരുന്നു. 1996ല്‍ 13 ദിവസവും 1998-99ല്‍ 13 മാസവും 1999-2004 വരെ അഞ്ച് വര്‍ഷവും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് അദ്ദേഹം.  ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് 2018 ഓഗസ്റ്റ് 16ന് അദ്ദേഹം അന്തരിച്ചത്.