ദില്ലി: കൊവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചെലവ് ചുരുക്കാനായി നിരവധി നടപടികൾ നടപ്പിലാക്കാനും രാഷ്ട്രപതി ഭവൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പുതിയ തീരുമാനങ്ങൾ.

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്​ട്രപതി ഭവനിൽ ഓഫീസ്​ സ്​റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. 

രാജ്യത്തി​​ന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ്​ ചെലവുചുരുക്കൽ നടപടിയെന്നും രാഷ്​ട്രപതി പ്രസ്​താവനയിൽ പറയുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.