ദില്ലി: ജമ്മു കാശ്മീരിൽ അസംബ്ലി തെരഞ്ഞെടുപ്പ് വൈകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ജൂലൈ മൂന്നിന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇത് അവസാനിപ്പിക്കേണ്ടെന്നാണ് തീരുമാനം. ജൂലൈ മൂന്ന് മുതൽ പിന്നീടുള്ള ആറ് മാസക്കാലം കൂടി സംസ്ഥാനത്ത് രാഷ്ട്പതി ഭരണമായിരിക്കും നടക്കുക.

സംസ്ഥാനത്തെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ജമ്മു കാശ്മീരിലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചിട്ടുമില്ല. രണ്ട് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ വർഷമാണ് ജമ്മു കാശ്മീർ വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായത്. 2018 ഡിസംബർ മാസത്തിലായിരുന്നു ഗവർണർ സത്യ പാൽ മാലിക് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കത്തയച്ചത്.

ജമ്മു കാശ്മീരിൽ സംയുക്ത സർക്കാർ രൂപീകരിക്കാനുള്ള നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് പാർട്ടികളുടെ തീരുമാനത്തെ എതിർത്താണ് സത്യ പാൽ മാലിക് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്തത്. സുസ്ഥിര സർക്കാരുണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് തദ്ദേശീയരായ ചെറുപ്പക്കാർ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ എണ്ണം കൂടുകയാണ്. കഴിഞ്ഞ വർഷം 217 പേരാണ് തീവ്രവാദ സംഘടനകളിൽ ചേർന്നത്. ഈ വർഷം ഇതുവരെ 45 പേർ ഭീകര സംഘടനകളിൽ ചേർന്നു. മെയ് വരെ 86 ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ജൂണിലാണ് പിഡിപി-ബിജെപി സർക്കാർ നിലംപതിച്ചത്. പിന്നീട് 2018 ഡിസംബർ 19 വരെ സംസ്ഥാനത്ത് ഗവർണർ ഭരണമായിരുന്നു നിലനിന്നത്. ഡിസംബർ മുതൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കീഴിലാണ് സംസ്ഥാനം.