ദില്ലി: ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതി​ഗതികൾ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പ്രദർശിപ്പിക്കാൻ ദില്ലിയിലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ അനുവദിച്ചില്ലെന്ന് പരാതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം അവിടെ സന്ദര്‍ശിച്ച വനിതാ, മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരാണ് പരാതിയുമായി ​രം​ഗത്തെത്തിയത്. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചതായി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച സംഘം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് മൈമൂന മൊല്ല, സിപിഐഎംഎല്‍ നേതാവ് കവിതാ കൃഷ്ണന്‍, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് വിമല്‍ ഭായ് എന്നിവരാണ് ജമ്മു കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം കശ്മീര്‍ സന്ദര്‍ശിച്ചത്. ഓഗസ്റ്റ് ഒമ്പത് മുതല്‍ 13 വരെയാണ് ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചത്.

ജമ്മു കശ്മീരിലെ ഉള്‍ഗ്രാമങ്ങളിലടക്കം സഞ്ചരിച്ച് സ്ഥിതി ഗതികള്‍ സം​ഘം വിലയിരുത്തി. നാട്ടുകാരുടെ പ്രതികരണങ്ങളടക്കമുള്ള ദൃശ്യങ്ങളാണ് ദില്ലി പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നത്. എന്നാൽ, ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുമതി കിട്ടിയില്ലെന്ന് കശ്മീര്‍ സന്ദര്‍ശിച്ച സംഘം ആരോപിക്കുന്നു.

ജമ്മു കശ്മീര്‍ മുഴുവന്‍ ഇപ്പോള്‍ പട്ടാളത്തിന്‍റെ നിയന്ത്രണത്തിലാണെന്നാണ് ഇവരുടെ ആരോപണം. നിയമവിരുദ്ധമായ നടപടികളാണ് കേന്ദ്രം ജമ്മുവില്‍ നടപ്പാക്കുന്നത്. ടെലഫോണും മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റുമെല്ലാം പൂര്‍ണ്ണമായി വിച്ഛേദിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരം തന്നെ ഇല്ലാതായി. നിരവധി പേരെ ഒരു കേസുമില്ലാതെ പൊലീസ് സ്റ്റേഷനുകളില്‍ അടച്ചിട്ടിരിക്കുകയാണെന്നും സംഘം ആരോപിക്കുന്നു.