തികച്ചും ശാന്തമായ അന്തരീക്ഷം. പൊടുന്നനെയാണത് സംഭവിച്ചത്.

പട്യാല: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു. കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ അടുക്കളയില്‍ ഉള്ളപ്പോഴാണ് സംഭവം. പഞ്ചാബിലെ പട്യാലയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്.

രണ്ടുനില വീട്. ഉച്ചഭക്ഷണ സമയമാണ്. സംഭവം നടക്കുമ്പോള്‍ കുട്ടി അടക്കം കുടുംബത്തിലെ അഞ്ച് അംഗങ്ങൾ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകള്‍ അടുക്കളയില്‍ ജോലി ചെയ്യുന്നു. കുട്ടിയാകട്ടെ പന്ത് എറിഞ്ഞു കളിക്കുകയായിരുന്നു. ഏതാനും അടി അകലെ തീൻമേശയിൽ ഇരിക്കുകയായിരുന്നു മറ്റൊരാള്‍. ഒരാള്‍ മുകളിലത്തെ നിലയിലും. തികച്ചും ശാന്തമായ അന്തരീക്ഷം. പൊടുന്നനെയാണത് സംഭവിച്ചത്.

കുക്കറിന്റെ ലിഡ് പൊട്ടിത്തെറിച്ച് അടുക്കളയുടെ മേൽക്കൂരയിൽ ഇടിച്ചു. ഇതോടെ മേൽക്കൂരയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു. അടുക്കളയിലുണ്ടായിരുന്ന ഫർണിച്ചറുകളും താഴെ വീണു. മുറിയാകെ കറുത്ത പുക വ്യാപിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഓടി. സിസിടിവിയില്‍ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. വീട്ടുകാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ജയ്പൂരിൽ കുക്കർ പൊട്ടിത്തെറിച്ച് 47കാരി മരിച്ചത് ആഗസ്തിലാണ്. പൊട്ടിത്തെറിച്ച കുക്കറിന്‍റെ ഭാഗങ്ങൾ ശരീരത്തിലും മുഖത്തും പറ്റിപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റായിരുന്നു മരണം. സ്‌ഫോടനം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്ന യുവതിയെ അയൽവാസികളാണ് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Scroll to load tweet…