ലഖ്‍നൗ: അയോധ്യയിലെ താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിക്കും മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലീസുകാർക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കൊവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. രാം ജന്മഭൂമി മന്ദിരത്തിന്‍റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പൊലീസുദ്യോഗസ്ഥർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ഓഗസ്റ്റ് 5-നാണ് അയോധ്യയിൽ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങ് നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ 50 വിഐപികളോടൊപ്പം പങ്കെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഇത് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഭൂമിപൂജ ചടങ്ങിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചിരുന്നു. അന്നത്തെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഇപ്പോൾ കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്ന പൂജാരിയായ പ്രദീപ് ദാസ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് നിൽക്കുന്നതും, പൂജയുൾപ്പടെ തൊട്ടടുത്ത് നിന്ന് നിർവഹിക്കുന്നതും കാണാം. രാംജന്മഭൂമി മന്ദിരത്തിലെ മുഖ്യപൂജാരിയായ സത്യേന്ദ്രദാസും തൊട്ടടുത്ത് നിൽക്കുന്നുണ്ട്. സത്യേന്ദ്രദാസാണ് ഓഗസ്റ്റ് 5-നുള്ള ഭൂമിപൂ‍ജ കർമ്മങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. 

Priest, 14 Cops Involved In Ayodhya Ram Temple Event Test Covid +ve

എന്നാൽ പരിപാടി മുടക്കില്ലെന്നും കൊവിഡ് ചട്ടമനുസരിച്ചുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്നും രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചു. ഭൂമി പൂജ
നടത്തുന്ന പൂജാരികളുടെ സംഘത്തിൽ ഇപ്പോൾ രോഗബാധിതനായ പൂജാരി അംഗമല്ല എന്നാണ് ട്രസ്റ്റ് അറിയിക്കുന്നത്. നിലവിൽ യുപി സർക്കാരിന്‍റെ കണക്കനുസരിച്ച്, അയോധ്യയിൽ 375 കൊവിഡ് രോഗബാധിതരാണുള്ളത്. ഉത്തർപ്രദേശിൽ ആകെ നിലവിൽ 29,997 രോഗബാധിതരുമുണ്ട്. 

രാംജന്മഭൂമി ഭൂമിപൂജ ചടങ്ങിൽ 200 പേർ പങ്കെടുക്കുമെന്നാണ് ട്രസ്റ്റ് അറിയിക്കുന്നത്. പൂജാരിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, അതിഥികൾ, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവരെല്ലാം ചേർന്നാണ് ഇരുന്നൂറ് പേർ.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് ഹെലിപാഡ് തയ്യാറാക്കിയതുൾപ്പടെ വലിയ സന്നാഹങ്ങളാണ് രാമജന്മഭൂമി മന്ദിരത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് സജ്ജീകരിച്ചിരുന്നത്. ക്ഷേത്രം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേക്കുള്ള റോഡ് വീതി കൂട്ടി. രാമന്‍റെ ജീവിതം ചിത്രീകരിക്കുന്ന വലിയ ചിത്രങ്ങൾ വഴിയുടെ ഇരുവശത്തും സ്ഥാപിച്ചു. 

അയോധ്യയിൽ പലയിടത്തായി ഭക്തർക്ക് ചടങ്ങുകൾ കാണാൻ വലിയ സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട് എന്നും ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്രത്തിന് വേണ്ടിയുള്ള രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാ മുതിർന്ന ബിജെപി നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്തിയാർ, സാധ്വി റിതംഭര എന്നിവരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും എത്ര പേർ പങ്കെടുക്കുമെന്നത് വ്യക്തമല്ല.

അൺലോക്ക് രണ്ടാം ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയപ്പോൾ അയോധ്യയിലെ താൽക്കാലികക്ഷേത്രവും തുറന്നിരുന്നു. ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന ഭൂമിപൂജ, കൊവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടുപോയത്.