സംഭവത്തിന് ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവേന്ദ്ര മസ്തിഷ്കാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.     

മുംബൈ: അപകടത്തിൽപ്പെട്ട് 12 വയസ്സുകാരന്റെ ജീവൻ പൊലിയുന്നത് നേരിൽ കണ്ട പൂജാരിക്ക് ​ദാരുണാന്ത്യം. തമിഴ്നാട്ടിലെ തട്ടാൻകുട്ടൈ മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി ദേവരാജ് കല്ല്യാൺ ദേവേന്ദ്ര (35) ആണ് അപകടം നേരിൽ കണ്ട നടുക്കത്തിൽ മരിച്ചത്. സംഭവത്തിന് ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവേന്ദ്ര മസ്തിഷ്കാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശനിയാഴ്ച സിയോൺ കോലിവാഡ ന​ഗരത്തിന് സമീപത്താണ് അപകടമുണ്ടായത്. അച്ഛനും മകനും സ‍ഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബൈക്കിന് പുറകിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. മകൻ രഞ്ജിത്ത് കഞ്ചോള അപകടസ്ഥലത്ത് വച്ച് മരിച്ചു. അപകടത്തെ തുടർന്ന് അച്ഛനെയും മകനെയും രക്ഷിക്കുന്നതിനായി നാട്ടുകാർ ഓടിയെത്തി. ഇതിനിടയിലാണ് ദേവേന്ദ്ര സ്ഥലത്തെത്തുകയും ചോരയിൽ കുളിച്ച് കിടക്കുന്ന രഞ്ജിത്തിനെ കാണുകയും ചെയ്യുന്നത്. രഞ്ജിത്തിന്റെ മൃതദേഹം കണ്ടനിമിഷം കുഴഞ്ഞ് വീണ ദേവേന്ദ്രയെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ദേവേന്ദ്രയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.