അയോധ്യ: ബലാത്സംഗക്കേസിലെ പ്രതിയെ കൊല്ലുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന വാഗ്ദാനവുമായി ക്ഷേത്രത്തിലെ പൂജാരി. അയോധ്യയിലെ ഹനുമാന്‍ ഗരി അമ്പലത്തിലെ പൂജാരിയായ രാജുദാസ് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. പ്രതിയെ കൊലപ്പെടുത്തുന്നത് പൊലീസുകാര്‍ ആണെങ്കില്‍ അവരുടെ കുടുംബത്തിന് ആ തുക നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയതായി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

മിക്കയിടത്തും സ്ത്രീകള്‍ ഇത്തരം അക്രമസംഭവങ്ങൾക്ക് ഇരയാകുന്നു. നമുക്കിടയിൽ ഉള്ളവർ തന്നെയാണ് ഇത്തരത്തിൽ പെരുമാറുന്നത്. നമ്മുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. സമാനമായ കൃത്യങ്ങള്‍ കുട്ടികളുടെ നേർക്കും സംഭവിക്കുന്നുണ്ട്. നമ്മുടെ സമൂഹം ഇങ്ങനെ തുടരുന്നിടത്തോളം കാലം ഇത്തരം കുറ്റകൃത്യങ്ങളും നിലനില്‍ക്കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പാരിതോഷികം നല്‍കുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒഴിവാക്കരുതെന്ന അവബോധം ജനങ്ങളിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഇത്തരത്തിലൊരു പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അയോധ്യ സർക്കിൾ ഓഫീസർ അമർസിം​ഗ് വ്യക്തമാക്കി. പൊതുവിടത്തിലോ സൈറ്റുകളിലോ ഈ പ്രസ്താവന പ്രചരിക്കുന്നതായി അറിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.