പെഗാസസ് സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന ആശയം തകർക്കാനുള്ള ഉപാധിയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇസ്രയേലിൽ പോയി ഇത് നേതാക്കൾക്കെതിരെ ഉപയോഗിക്കുമ്പോൾ ആക്രമിക്കുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും ആസമിലെയും ബംഗാളിലെയും ജനങ്ങളെയാണ് എന്ന് രാഹുൽ പറഞ്ഞു.  

ദില്ലി: പെഗാസസ് (Pegasus) ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ (PM Narendra Modi) കടന്നാക്രമിച്ച് ലോക്സഭയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi) . പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രി രാജ്യത്തെ പൗരൻമാർക്കെതിരെ വലിയ ആക്രമണം നടത്തിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് പരാമർശിച്ച് പ്രതിപക്ഷം നല്കിയ ഭേദഗതികൾ രാജ്യസഭ തള്ളി.

'പെഗാസസ് സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന ആശയം തകർക്കാനുള്ള ഉപാധിയാണ്. പ്രധാനമന്ത്രി തന്നെ നേരിട്ട് ഇസ്രയേലിൽ പോയി ഇത് നേതാക്കൾക്കെതിരെ ഉപയോഗിക്കുമ്പോൾ ആക്രമിക്കുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും ആസമിലെയും ബംഗാളിലെയും ജനങ്ങളെയാണ്' എന്ന് രാഹുൽ പറഞ്ഞു. പെഗാസസ് വാങ്ങാനുള്ള കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശന സമയത്തെന്ന റിപ്പോ‍ർട്ടാണ് രാഹുൽ ഗാന്ധി ആയുധമാക്കിയത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുമ്പോൾ രാജ്യത്തിപ്പോഴുള്ളത് ചക്രവർത്തിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

ചൈനയേയും പാകിസ്ഥാനേയും ഒന്നിച്ചു വരാൻ അനുവദിച്ച് ഇന്ത്യ വലിയ അബദ്ധം കാട്ടിയെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 'പാർലമെൻറിൽ ഞാൻ പറയുന്നത് ഇത് ഒരു ദേശീയ വിഡ്ഢിത്തമാണെന്നാണ്. കാരണം ചൈന വെറുതെയിരിക്കില്ല' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. 

 നന്ദിപ്രമേയത്തിൽ പെഗാസസ് ചൂണ്ടിക്കാട്ടി നല്കിയ ഭേദഗതികൾ രാജ്യസഭ സെക്രട്ടറിയേറ്റ് തള്ളി. ആർഎസ്എസ് ആണ് സഭയിൽ വരേണ്ട വിഷയങ്ങൾ പോലും തീരുമാനിക്കുന്നതെന്ന് സിപിഎം നേതാവ് എളമരം കരീം ആരോപിച്ചു. നന്ദിപ്രമേയ ചർച്ച രണ്ടു സഭകളിലും തുടങ്ങാൻ യുപിയിലെ എംപിമാരെയാണ് ബിജെപി നിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ചർച്ചയ്ക്ക് മറുപടി നല്കും.