Asianet News MalayalamAsianet News Malayalam

ഗംഗാ വിലാസിന് പച്ചക്കൊടി; എല്ലാം ഉൾക്കൊള്ളുന്ന സംസ്ക്കാരമാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി

ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച് ആസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്നതാണ് നദീജല സവാരി. 

Prime Minister inaugurated the Ganga Vilas project
Author
First Published Jan 13, 2023, 1:46 PM IST


വാരണാസി:  ഇന്ത്യയുടേത് എല്ലാം ഉൾക്കൊള്ളുന്ന സംസ്ക്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരാണികകാലം മുതല്‍ക്കുള്ള ഇന്ത്യയുടെ ഈ ചരിത്രത്തിന് ഗംഗ സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിൽ നിന്നുള്ള നദീജല സവാരിക്ക് പച്ചക്കൊടി കാട്ടി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗംഗയിലൂടെയും ബ്രഹ്മപുത്രയിലൂടെയും 51 ദിവസം സഞ്ചരിച്ച് ആസമിലെ ദിബ്രുഗഡിൽ അവസാനിക്കുന്നതാണ് നദീജല സവാരി. രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഇത് പുതിയ കാലത്തിന്‍റെ തുടക്കമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് സമാന സവാരികൾ തുടങ്ങും. ഇത് തൊഴിലവസരം കൂട്ടുമെന്നും മോദി വ്യക്തമാക്കി. 

എന്നാല്‍ ഒരാൾക്ക് മൂന്നര ലക്ഷം വരെ ചെലവ് വരുന്ന ആഡംബര ക്രൂസ് ധനികർക്ക് വേണ്ടി മാത്രമാണെന്ന് ഇതിനിടെ സമാജ് വാദി പാർട്ടി അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ആഡംബരനൗക പദ്ധതി ധനികർക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ധനികര്‍ക്ക് വേണ്ടിയുള്ള പദ്ധതിയിലാണ് ബിജെപിക്ക് നോട്ടമെന്നും അഖിലേഷ് ആരോപിച്ചു. ഈ പദ്ധതികൊണ്ട് ഗംഗയില്‍ നിലവില്‍ ചെറുബോട്ടുകള്‍ ഓടിക്കുന്ന നിഷാദ വിഭാഗത്തിലുള്ളവര്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാവുകയെന്നാണ് അഖിലേഷിന്‍റെ ചോദ്യം. വാര്‍ധക്യ കാലത്ത് നിരവധിയാളുകളാണ് ആത്മീയതയില്‍ മുഴുകി ജീവിക്കാനായി വാരണാസിയില്‍ എത്താറുണ്ട്. ആത്മീയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. എന്നാല്‍ ബിജെപി വാരണാസിയില്‍ ടൂറിസം സാധ്യതകളാണ് പ്രോത്സാഹിപ്പിക്കുന്നത്. പണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍. പുറത്ത് നിന്നുള്ള ബിസിനസുകാര്‍ക്കാണ് ഇത്തരം പദ്ധതികള്‍ മൂലമുള്ള ലാഭമുണ്ടാവുന്നതെന്നും അഖിലേഷ് ആരോപിച്ചു.

ഗംഗ നദിയിലെ വാരണാസിയിൽ നിന്ന് ദിബ്രുഗഡിലേക്കുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസിന്‍റെ ടിക്കറ്റിന് 'പൊന്നും വില'യാണ്.  നിരക്ക് എത്രയാണെന്ന് കൃത്യമായി പുറത്തുവിട്ടിട്ടില്ല. ഇതേ കമ്പനിയായ ആന്‍റാരയുടെ “ഇൻക്രെഡിബിൾ ബനാറസ്” എന്ന പാക്കേജിന്‍റെ നിരക്ക് 1,12,000 രൂപ മുതൽ ആരംഭിക്കുന്നു.  ഓരോ സ്യൂട്ടിനും 38 ലക്ഷം രൂപ നൽകിയ സ്വിസ് ടൂറിസ്റ്റുകൾക്ക് അടുത്ത രണ്ട് വർഷത്തേക്ക് എല്ലാ ടിക്കറ്റുകളും വിറ്റതിനാലാണ് വില പരസ്യപ്പെടുത്തതെന്ന് ആന്‍റാര ലക്ഷ്വറി റിവർ ക്രൂയിസിന്‍റെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് ഇന്ത്യ ഡയറക്ടർ കാഷിഫ് സിദ്ദിഖി പറഞ്ഞു. ർ

കൂടുതല്‍ വായനയ്ക്ക്:  ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ യാത്ര; ഗംഗാ വിലാസിന്റെ ടിക്കറ്റ് നിരക്ക്

 

Follow Us:
Download App:
  • android
  • ios