രാജ്യം ദീപാവലി ആഘോഷങ്ങളിൽ മുഴുകിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഘോഷം കശ്‌മീരിലെ സൈനികർക്കൊപ്പമായിരുന്നു

കശ്‌മീര്‍: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രജൗരിയിലെ സൈനിക ക്യാമ്പിലായിരുന്നു ആഘോഷം. പുനസംഘടനയ്ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുക്കശ്‌മീരിലെത്തുന്നത്. 

Scroll to load tweet…

"ധീരന്‍മാര്‍ക്കൊപ്പം സമയം ചിലവിടാനാകുന്നത് എപ്പോഴും വലിയ സന്തോഷമാണ്. ധീര സൈനികര്‍ക്കൊപ്പം ആഘോഷിച്ചപ്പോള്‍ ദീപാവലി ഇരട്ടി മധുരമായി. രാജ്യത്തെ കാക്കുന്നതിന് ജനങ്ങളുടെ പേരില്‍ സൈനികര്‍ക്ക് നന്ദിയറിയിക്കുന്നു. ജവാന്‍മാരുടെ ജാഗ്രതയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. സൈനികരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന സുപ്രധാന നടപടികളെക്കുറിച്ച് സൈനികരുമായി സംസാരിച്ചു" എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

രജൗരിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തെത്തിയ മോദി ജവാന്മാർക്ക് മധുരം നൽകി. തുടർന്ന് സൈനികരുമായി സംവദിച്ചു. പത്താൻകോട്ട് വ്യോമതാവളത്തിലെ സൈനികരെയും പ്രധാനമന്ത്രി കണ്ടു. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി ജമ്മുക്കശ്‌മീരിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2014ലും 2017ൽ മോദി ജമ്മുക്കശ്മീരിലെത്തിയിരുന്നു. 

അതിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുന്‍പ് രജൗരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സേന തിരിച്ചടി നല്‍കുകയും ചെയ്തു.

ഉത്തരേന്ത്യയിൽ വിപുലമായ ആഘോഷമാണ് ദീപാവലിയുടെ ഭാഗമായി നടന്നത്. അയോധ്യയിൽ 5.51ലക്ഷം ദീപം തെളിയിച്ച് റെക്കോഡ് സൃഷ്ടിച്ചു. സ്‌നേഹത്തിന്‍റെ ദീപം തെളിയിച്ച് ദരിദ്രരുടെ ജീവിതത്തെ പ്രകാശിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദീപാവലി സന്ദേശത്തില്‍ പറഞ്ഞു.