Asianet News MalayalamAsianet News Malayalam

'സ്വാതന്ത്ര്യം@75- പുതിയ നഗര ഇന്ത്യ': സമ്മേളനവും മേളയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ (പിഎംഎവൈ-യു) വീടുകളുടെ താക്കോല്‍ ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെ 75,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഡിജിറ്റലായി നല്‍കി. 

prime minister Narendra Modi inaugurates Azadi at 75 conference and expo in Lucknow
Author
Lucknow, First Published Oct 5, 2021, 7:08 PM IST
  • Facebook
  • Twitter
  • Whatsapp

ലഖ്നൌ: സ്വാതന്ത്ര്യം@75-പുതിയ നഗര ഇന്ത്യ: നഗര ഭൂപ്രകൃതി മാറുന്നു' സമ്മേളനവും മേളയും പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ലഖ്നൌവില്‍  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  പ്രധാനമന്ത്രി ആവാസ് യോജന- അര്‍ബന്‍ (PMAYU) വീടുകളുടെ താക്കോല്‍ ഉത്തര്‍പ്രദേശിലെ(Uttar Pradesh) 75 ജില്ലകളിലെ 75,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഡിജിറ്റലായി നല്‍കി. കൂടാതെ ഉത്തര്‍പ്രദേശിലെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ സ്മാര്‍ട്ട് സിറ്റി(Smart City) ദൗത്യം, അമൃത് എന്നിവയുടെ കീഴില്‍ 75 നഗര വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. 

ലഖ്നൌ, കാണ്‍പൂര്‍, വാരാണസി, പ്രയാഗ്‌രാജ്, ഗോരഖ്പൂര്‍, ഝാന്‍സി, ഘാസിയാബാദ് എന്നിവയുള്‍പ്പെടെ ഏഴ് നഗരങ്ങള്‍ക്കായി ഫെയിം- രണ്ട് പ്രകാരം 75 ബസുകളും ചടങ്ങളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ വിവിധ മുന്‍നിര ദൗത്യങ്ങള്‍ക്ക് കീഴില്‍ നടപ്പാക്കിയ 75 പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന കോഫി ടേബിള്‍ ബുക്ക് പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ലഖ്നൌവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ (ബിബിഎയു)  അടല്‍ ബിഹാരി വാജ്പേയി ചെയര്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ആവാസിനൊപ്പം ഗ്യാസ് സിലിണ്ടര്‍, ശുചിമുറി, വൈദ്യുതി, ജല കണക്ഷന്‍, റേഷന്‍ കാര്‍ഡ് മുതലായ മറ്റ് പദ്ധതികള്‍ പ്രയോജനപ്പെടുത്തിയെന്ന് ആഗ്രയിലെ വിംലേഷുമായി സംവദിക്കുമ്പോള്‍, ഗുണഭോക്താവ് പ്രധാനമന്ത്രിയെ അറിയിച്ചു. ഗവണ്‍മെന്റ് പദ്ധതികള്‍, അവരുടെ കുട്ടികളെ, പ്രത്യേകിച്ച് അവരുടെ പെണ്‍മക്കളെ പഠിപ്പിക്കുന്നതിനു പ്രയോജനപ്പെടുത്തണ മെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വാമിത്വ യോജനയില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചോ എന്നാണ് പാല്‍ വില്‍പന നടത്തുന്ന കാണ്‍പൂരിലെ രാം ജങ്കി ജിയുമായി സംവദിച്ചുകൊണ്ട് പ്രധാനമന്ത്രി ചോദിച്ചത്. പതിനായിരം രൂപ വായ്പ ലഭിച്ചുവെന്നും അത് കച്ചവടത്തില്‍ നിക്ഷേപിച്ചതായും അവര്‍ അറിയിച്ചു. ബിസിനസ്സിലെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ജന്‍ധന്‍ അക്കൗണ്ട് വഴി നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പണം കൈമാറാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയാണ് ഏറ്റവും കൂടുതല്‍ ദരിദ്രരെ സഹായിക്കുന്നത്, അദ്ദേഹം പറഞ്ഞു. സ്വാമിത്വ യോജനയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  എല്ലാ സ്വത്തുക്കളും വീട്ടിലെ പുരുഷന്മാരുടെ പേരിലുള്ള സാഹചര്യത്തിന് ചില തിരുത്തലുകള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള 80 ശതമാനത്തിലധികം വീടുകളും രജിസ്റ്റര്‍ ചെയ്യുന്നത് സ്ത്രീകളുടെ പേരിലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.   

പിഎം ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തില്‍ മുമ്പത്തേക്കാള്‍ വന്‍ വര്‍ദ്ധനവ് ഉള്ളത് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നഗരങ്ങളില്‍ 1.13 കോടിയിലധികം പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതില്‍ 50 ലക്ഷത്തിലധികം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.  ചേരികളില്‍ താമസിക്കുന്നവരും ഉറപ്പുള്ള വീടുകള്‍ ഇല്ലാത്തവരുമായ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കോടീശ്വരന്മാരാകാനുള്ള അവസരം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്ത് ഏകദേശം 3 കോടി വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, അവയുടെ വില നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. ഈ ആളുകള്‍ ലക്ഷപ്രഭുക്കളായി മാറിയിരിക്കുന്നു,''  മോദി പറഞ്ഞു. യുപിയിലെ ഇപ്പോഴത്തെ ഭവന വിതരണത്തിന് മുമ്പ്, 18000 ല്‍ അധികം വീടുകള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും 18 വീടുകള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുന്നതു മുന്‍ ഗവണ്‍മെന്റുകള്‍ നീട്ടിക്കൊണ്ടു പോയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള നിലവിലെ ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷം, 9 ലക്ഷത്തിലധികം ഭവന യൂണിറ്റുകള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് കൈമാറിയതായും 14 ലക്ഷം യൂണിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി നിര്‍മാണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഈ വീടുകളില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു.

നഗരങ്ങളില്‍ താമസിക്കുന്ന മധ്യവര്‍ഗത്തിന്റെ പ്രശ്‌നങ്ങളും വെല്ലുവിളികളും മറികടക്കാന്‍ ഗവണ്‍മെന്റ് വളരെ ഗൗരവമേറിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമം അത്തരമൊരു പ്രധാന നടപടിയാണ്. ഈ നിയമം മുഴുവന്‍ ഭവന മേഖലയെയും അവിശ്വാസത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും പുറത്തെത്താന്‍ സഹായിക്കുകയും എല്ലാ പങ്കാളികളെയും സഹായിക്കുകയും ശാക്തീകരി ക്കുകയും ചെയ്തു. എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ ഓരോ വര്‍ഷവും ഏകദേശം 1000 കോടി രൂപ നഗരസഭകള്‍ ലാഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇപ്പോള്‍ ഈ തുക മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നഗരത്തില്‍ താമസിക്കുന്ന ആളുകളുടെ വൈദ്യുതി ബില്ലും എല്‍ഇഡി വളരെയധികം കുറച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യ മൂലം നഗരമേഖലയില്‍ വലിയ മാറ്റമുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു.  ഇന്ന് രാജ്യത്തെ 70 ലധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ അടിസ്ഥാനം സാങ്കേതികവിദ്യയാണ്.  പ്രധാനമന്ത്രി സ്വാനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാര്‍ ബാങ്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ 2500 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് 2500 കോടിയിലധികം രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ യുപിയിലെ 7 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ സ്വാനിധി യോജന പ്രയോജനപ്പെടുത്തി.  ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ അദ്ദേഹം വസ്തു കച്ചവടക്കാരെ അഭിനന്ദിച്ചു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് രാജ്യം  അതിവേഗം  മെട്രോ സര്‍വീസുകൾ  വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ല്‍ മെട്രോ സര്‍വീസ് 250 കിലോമീറ്ററില്‍ താഴെയായിരുന്നു. ഇന്ന് അത് ഏകദേശം 750 കിലോമീറ്റര്‍ വ്യാപ്തിയിലായി. രാജ്യത്ത് ഇപ്പോള്‍ 1000 കിലോമീറ്ററിലധികം മെട്രോ പാതകളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രിമാരായ  രാജ്‌നാഥ് സിംഗ്, ഹര്‍ദീപ് പുരി,  മഹേന്ദ്ര നാഥ് പാണ്ഡെ,  കൗശല്‍ കിഷോര്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios