വാരാണസി: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്തയച്ച റിക്ഷാ വണ്ടിക്കാരനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദിവസത്തെ വാരാണസി സന്ദർശനത്തിനിടെയായിരുന്നു മോദി റിക്ഷാ വണ്ടിക്കാരനായ മംഗള്‍ കേവത്തിനെ കണ്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത്. മം​ഗൾ കേവത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച മോദി സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി മംഗള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

വാരാണസിയിലെ റിക്ഷാ വണ്ടിക്കാരനായ മംഗള്‍ മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ചത് വലിയ വാര്‍ത്തയായിരുന്നു. ക്ഷണക്കത്ത് കിട്ടിയ മോദി വിവാഹത്തിന് ആശംസകള്‍ അറിയിച്ച് മറുപടി അയക്കുകയും ചെയ്തിരുന്നു. മകളുടെ വിവാഹത്തിനെത്താന്‍ സാധിച്ചില്ലെങ്കിലും മറ്റൊരവസരത്തില്‍ തന്നെ കാണാൻ മോദി എത്തിയ സന്തോഷത്തിലാണ് മം​ഗൾ കേവത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഞങ്ങള്‍ ആദ്യ ക്ഷണക്കത്ത് അയച്ചത്. ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഞാൻ ക്ഷണക്കത്ത് കൈമാറിയത്. ഇതിന് ഫെബ്രുവരി എട്ടിന് ആശംസകള്‍ അറിയിച്ച് മോദിയുടെ മറുപടി ലഭിച്ചിരുന്നതായി മംഗള്‍ പറഞ്ഞു. വാരാണസി സന്ദർശനത്തിനെത്തുന്ന മോദിയെ കാണണമെന്ന് മം​ഗളും ഭാര്യ രേണു ദേവിയും ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. റിക്ഷാ വണ്ടിക്കാരനായ മംഗള്‍ തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ചെലവഴിക്കുന്നത് ഗംഗയുടെ ശുചീകരണത്തിനാണ്.