മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയവും റിസോർട്ടിലേക്ക് നീങ്ങുകയാണ്. എംഎൽഎമാരുടെ എണ്ണത്തിൽ ആശയക്കുഴപ്പം തുടരുന്നതോടെ, സ്വന്തം എംഎൽഎമാരെ ക്യാമ്പിൽ ഉറപ്പിച്ച് നിർത്താൻ അടിയന്തരമായി റിസോർട്ടുകളിലേക്ക് മാറ്റാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. കുതിരക്കച്ചവടത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായതോടെ ഇനി എണ്ണത്തിലാണ് കാര്യം.

അജിത് പവാറിനൊപ്പം പോയി എന്ന് കരുതപ്പെട്ടിരുന്ന പലരെയും വിമാനത്താവളത്തിൽ നിന്നടക്കം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. 50 എംഎൽഎമാർ ഇപ്പോൾ എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആകെ എൻസിപിയ്ക്ക് 54 എംഎൽഎമാരാണ് ഉള്ളത്. അപ്പോൾ, അജിത് പവാർ അല്ലാതെ 3 എംഎൽഎമാർ മാത്രമേ ബിജെപി സർക്കാരിനൊപ്പമുള്ളൂ. അജിത് പവാറിനെ നിയമസഭാ കക്ഷിനേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിക്കഴിഞ്ഞു. 

സുപ്രീംകോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി നിയമസഭ വിളിച്ച് ചേർത്ത് വിശ്വാസവോട്ട് തേടുകയാണെങ്കിൽ എണ്ണക്കണക്കാണ് കാര്യം. എന്താകും മഹാരാഷ്ട്രയിലെ കണക്കിലെ കളി?

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഹാരാഷ്ട്രയിലെ സീറ്റ് കണക്കുകൾ ഇങ്ങനെയായിരുന്നു:

 

എന്നാൽ എൻസിപി വൃത്തങ്ങളെയാകെ ഞെട്ടിച്ച് അജിത് പവാർ മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയാകാൻ പോയപ്പോൾ അവകാശപ്പെട്ടത്, 35 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു. എന്നാൽ സേന - എൻസിപി - കോൺഗ്രസ് സംയുക്ത വാർത്താ സമ്മേളനത്തിൽ ശരദ് പവാർ ഉറപ്പിച്ചു പറഞ്ഞു, തന്‍റെ അനന്തരവന്‍റെ കയ്യിൽ അത്രയും എംഎൽഎമാരില്ല. ദേവേന്ദ്ര ഫട്‍നവിസിന്‍റെ സത്യപ്രതിജ്ഞയ്ക്ക് പോയ രാജേന്ദ്ര ഷിംഗ്‍നെയെ തിരിച്ചെത്തിച്ചു ശരദ് പവാർ. ചതിച്ച് വിളിച്ച് കൊണ്ടുപോയതാണെന്ന് ഷിംഗ്‍നെ പറഞ്ഞു.

നിയമസഭയിൽ അജിത് പവാർ ഭാഗമായ ആ സർക്കാരിന് ഭൂരിപക്ഷമുണ്ടാകില്ലെന്ന ഉറപ്പാണ് ശരദ് പവാർ സഖ്യത്തിന് നൽകുന്നത്. 

കണക്കുകളെങ്ങനെയാകും? നോക്കാം.

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 അംഗങ്ങൾ വേണം.

ബിജെപി - എൻസിപി സർക്കാരിന് അവകാശപ്പെട്ട അത്രയും അംഗങ്ങളുണ്ടായിരുന്നെങ്കിൽ: 

 

 

അത്രയും പേരില്ലെന്ന് ഉറപ്പായിരുന്നു അജിത് പവാറിനൊപ്പം. അജിത് പവാറടക്കം പത്ത് എംഎൽഎമാർ. അത്ര പേരേയുള്ളൂ മറുകണ്ടം ചാടിയവരെന്ന് ശരദ് പവാർ ഉറപ്പിച്ച് പറയുന്നു. ഇതിനിടെ, ഒമ്പത് എംഎൽഎമാരെ ചാർട്ടേഡ് വിമാനത്തിൽ ദില്ലിക്ക് കൊണ്ടുപോയി ബിജെപി. അതിലെ യാത്രക്കാരുടെ പട്ടികയും പുറത്തുവന്നു.

അദ്ഭുതമെന്ന് പറയട്ടെ, ബിജെപിയുമായുള്ള ഡീലുറപ്പിക്കാൻ അജിത് പവാറിനൊപ്പം നിന്ന, വിലപേശൽ നടത്തിയെന്ന് കരുതപ്പെട്ട ധനഞ്ജയ് മുണ്ടെ എന്ന എംഎൽഎ എൻസിപി നിയമസഭാ കക്ഷിയോഗത്തിന് എത്തി. ദില്ലിയിലേക്ക് പോയി എന്ന് കരുതപ്പെട്ടിരുന്ന വിമത എംഎൽഎ മാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബൻസോഡെയും യോഗത്തിനെത്തി. പിന്നീട് ഇവർ പോയിരുന്നില്ലെന്നും, മുംബൈയിലെ ലളിത് ഹോട്ടലിൽ ഒളിച്ച് താമസിക്കുകയായിരുന്നുവെന്നും വിവരം പുറത്തുവരികയാണിപ്പോൾ. അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് ഇറങ്ങും വഴി പിടികൂടുകയായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ചിലർ ഇരുവരെയും കൈയേറ്റം ചെയ്തതായും സൂചനയുണ്ട്. എന്തായാലും, ശിവസേനാ നേതാവ് ഏക് നാഥ് ഷിൻഡെയാണ് ഇരുവരെയും കൊണ്ട് നിയമസഭാ കക്ഷിയോഗം നടക്കുന്ന വൈ ബി ചവാൻ സെന്‍ററിൽ എത്തിയത്. 

ആകെ 50 എംഎൽഎമാരുണ്ട് ഇപ്പോൾ എൻസിപി യോഗത്തിൽ. അജിത് പവാറും മൂന്ന് എംഎൽഎമാരും മാത്രമേ ഇനി മറുപക്ഷത്ത് ശേഷിച്ചിട്ടുള്ളൂ. അവരും തിരികെ വരുമെന്ന സൂചനയാണ് വരുന്നത്. അവരെ കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് നേതാക്കൾ പുറപ്പെട്ടെന്ന വിവരമാണ് വരുന്നത്.

 

അങ്ങനെ മറുകണ്ടം ചാടിയെന്ന് പ്രത്യക്ഷത്തിൽ വ്യക്തമായിരുന്ന പത്ത് എംഎൽഎമാരും തിരിച്ചെത്തിയിരിക്കുകയാണ്.

ഇനി ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യം എങ്ങനെയായിരിക്കും എന്ന് നോക്കാം: 

കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 ആണെങ്കിൽ 150 എന്ന കണക്കിലേക്ക് സഖ്യം എത്തിയേക്കും. (ഈ കണക്ക് ഇനിയും മാറി മറിയാം)