ദില്ലി: കേന്ദ്ര സർക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കര്‍ഷ പ്രക്ഷോഭം നടക്കുന്നതിനിടെ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നിയമം കര്‍ഷകരെ കൂടുതൽ സ്വതന്ത്രരും സ്വയം പര്യാപ്തരുമാക്കുമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.

പുതിയ നിയമം നിലവിൽ വരുന്നതോടെ ഇടനിലക്കാര്‍ ഇല്ലാതാകുകയാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങൾ സ്വതന്ത്രമായി വിറ്റഴിക്കാനുള്ള സാഹചര്യം ഇതോടെ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം കര്‍ഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട് വിവാദ ബില്ലിൽ പ്രതിഷേധിച്ച് അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബില്ലുകളെ ആയുധമാക്കി ആര്‍ജെഡി  പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാമിടയിലാണ് മന്‍ കി ബാത്തിലും കാര്‍ഷിക ബില്ലുകളെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. 

കര്‍ഷക സംഘടനകൾക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും  പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്. നാളെ കോണ്‍ഗ്രസ് രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും. പഞ്ചാബിലടക്കം കിസാന്‍ മസ്ദൂര്‍ സമരസമിതി ട്രെയിന്‍ തടഞ്ഞ് പ്രതിേഷേധം തുടരുകയാണ്.