ദില്ലി: ഭരണഘടന ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 70-ാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്‍ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭരണഘടന എല്ലാവരെയും ബന്ധിപ്പിക്കുന്നതായും സമത്വവും അന്തസും ഉറപ്പ് വരുത്തുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം  പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു. ഗാന്ധി പ്രതിമക്ക് മുന്നിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. കോൺഗ്രസ്, എൻസിപി, ശിവസേന, തൃണമൂൽ, ഡിഎംകെ, ഇടതുപക്ഷം തുടങ്ങി പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ ലോക്സഭയിലെ പ്രതിഷേധത്തിനിടെ മാര്‍ഷൽമാരും കോണ്‍ഗ്രസ് അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്ളക്കാര്‍ഡുമായി എത്തിയതിന് ടി എൻ പ്രതാപനെയും ഹൈബി ഈഡനെയും ഒരു ദിവസത്തേക്ക് സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മാര്‍ഷൽമാര്‍ കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി വനിത അംഗങ്ങളായ രമ്യഹരിദാസും ജ്യോതിമണിയും രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ആരംഭിക്കുക. മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെുപ്പിന്‍റെ കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്ന തീരുമാനം നോക്കിയാകും ഇരുസഭകളിലെയും കോണ്‍ഗ്രസ് നീക്കം.