Asianet News MalayalamAsianet News Malayalam

Farm laws : 'കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണം'; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം

നാളെ മുതൽ അടുത്ത മാസം 23 വരെ നീണ്ടുനില്‍ക്കുന്ന പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് ഏവരുടെയും കണ്ണ്. നാളെ ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കും. 

Prime Minister should apologize for farm laws The demand of the opposition at the all party meeting
Author
Delhi, First Published Nov 28, 2021, 1:30 PM IST

ദില്ലി: വിവാദ കാർഷിക നിയമം (farm laws) പാസാക്കിയതിന് പ്രധാനമന്ത്രി പാർലമെന്‍റില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം (opposition). വീഴ്ച അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന്  സ്‍പീക്കര്‍ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പട്ടു. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്നാണ് ആവശ്യം. താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം അജണ്ടയിൽ ഉണ്ടാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. 

നാളെ മുതൽ അടുത്ത മാസം 23 വരെ നീണ്ടുനില്‍ക്കുന്ന പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ലിലാണ് ഏവരുടെയും കണ്ണ്. നാളെ ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കും. എന്നാൽ നിയമങ്ങൾ കൊണ്ടുവന്നത് പിഴവെന്ന് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല. ബില്ലിന്‍റെ ലക്ഷ്യങ്ങളിൽ മൂന്ന് നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടുവന്നതെന്നാണ് സർക്കാർ ന്യായീകരണം. ചെറിയ ഗ്രൂപ്പാണ് എതിർപ്പുയർത്തിയത്. രാജ്യവികസനത്തിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണം. അതുകൊണ്ടാണ് ചെറിയ ഗ്രൂപ്പ് എതിർത്തെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു. 

സഭയിലെ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗ്ഗെ വിളിച്ച യോഗം എന്നാൽ തൃണമൂൽ കോൺഗ്രസ് ബഹിഷ്ക്കരിക്കും. കോൺഗ്രസിന് എല്ലാ പാർട്ടികളുടെയും നേതൃത്വം അവകാശപ്പെടാനാവില്ലെന്ന് തൃണമൂൽ വിശദീകരിച്ചു. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കളെ തൃണമൂൽ അടർത്തിമാറ്റുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി ദില്ലിയിലെത്തിയ മമത ബാനർജിയെ കാണാൻ തയ്യാറായിരുന്നില്ല. 

അതേസമയം മുംബൈയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് നടക്കുകയാണ്. മുംബൈയില ആസാദ് മൈതാനത്താണ് പരിപാടി. ആയിരക്കണക്കിന് കർഷകരാണ് പങ്കെടുക്കുന്നത്. രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കളാണ് നേതൃത്വം നൽകുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമായെങ്കിലും താങ്ങ് വിലയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാപഞ്ചായത്ത് നടക്കുന്നത്. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും പ്രതിഷേധസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വൈകിട്ട് കർഷക‍ർ ജാഥയായി നീങ്ങി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്ത് നിന്ന് കടലിൽ ചിതാഭസ്മം നിമഞ്ജനം ചെയ്യും.

Follow Us:
Download App:
  • android
  • ios