ലംഗാറില്‍ മോദി  ചപ്പാത്തിയും കറിയും തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പങ്കു വച്ചിട്ടുണ്ട്.

ദില്ലി: നാലാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിഹാറിലെ പാറ്റ്ന സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാധനയില്‍ പങ്കെടുത്ത പ്രധാനമന്ത്രി,. ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു. ലംഗാറില്‍ മോദി ചപ്പാത്തിയും കറിയും തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും പങ്കു വച്ചിട്ടുണ്ട്. നിജ്ജര്‍ കൊലപാതകത്തില്‍ സിഖ് സമുദായത്തിനുള്ളില്‍ അതൃപ്തി പ്രകടമാകുന്നതിന്‍റെയും പഞ്ചാബിലടക്കം മുന്നേറ്റം പ്രതീക്ഷിക്കുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം.

ഇന്ന് പത്രിക സമർപ്പണത്തിനു മുന്നോടിയായി വാരാണസിയിൽ മോദിയുടെ റോഡ് ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വൈകിട്ട് 4 നു ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് മുന്നിൽ നിന്ന് 5 കിമീ ദൂരം പിന്നിട്ട് കാശി വിശ്വനാഥ ക്ഷേത്രം വരെയാണ് റോഡ് ഷോ. 11 ഇടങ്ങളിൽ സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് അടക്കംവിവിധ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും മുതിർന്ന നേതാക്കളും റോഡ് ഷോയിൽ പങ്കെടുക്കും.