അഗ്നിപഥിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി കേന്ദ്രമന്ത്രിയുടെയും ബിജെപി ദേശീയ സെക്രട്ടറിയുടെയും വിവാദ പ്രസ്താവന, പരിഹസിച്ച് പ്രതിപക്ഷം
ദില്ലി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ ചൊല്ലി കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കെെ വിവാദ പരാമർശവുമായി കേന്ദ്ര ടൂറിസം മന്ത്രിയും ബിജെപി നേതാവും. ബിജെപി ഓഫീസുകളിൽ കാവൽക്കാരെ ആവശ്യമാണെങ്കിൽ അഗ്നിവീർമാർക്ക് മുൻഗണന നൽകും എന്ന കൈലാഷ് വിജയവർഗിയയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാണ് കൈലാഷ് വിജയ‍്‍വർഗിയ. ഇൻഡോറിൽ അഗ്നിപഥ് പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കൈലാഷ് വിജയ‍്‍വർഗിയക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. രാജ്യത്തെ യുവത്വത്തെ അപമാനിക്കരുതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. യുവാക്കൾ ഊണും ഉറക്കവുമില്ലാതെ ശാരീരിക്ഷ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത് ബിജെപി ഓഫീസുകൾക്ക് കാവൽ നിൽക്കാനല്ല എന്ന് കെജ്‍രിവാൾ വ്യക്തമാക്കി. കോൺഗ്രസും കൈലാഷ് വിജയ‍്‍വർഗിയയെ വിമർശിച്ച് രംഗത്തെത്തി. ബിജെപിയുടെ മനോനിലയാണ് പുറത്തുവന്നതെന്ന് കോൺഗ്രസ് പറഞ്ഞു. ഈ മനോനിലയ്ക്കെതിരെയാണ് കോൺഗ്രസിന്റെ സത്യാഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയുടെ പരാമർശവും വിവാദമായിരുന്നു. അഗ്നിവീർമാർക്ക് അലക്കുകാരുടെയും ബാർബർമാരുടെയും ഡ്രൈവർമാരുടെയും അടക്കം പരിശീലനം നൽകുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. വെള്ളിയാഴ്ച പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനിടെയായായിരുന്നു കേന്ദ്ര ടൂറിസം മന്ത്രിയുടെ ഈ വിവാദ പരാമർശം. കിഷൻ റെഡ്ഡിയെ വിമർശിച്ച് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. പ്രസ്താവന ഞെട്ടിക്കുന്നതെന്നായിരുന്നു തെലങ്കാന മന്ത്രി കെ.ടി.രാമറാവുവിന്റെ പ്രതികരണം. ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയും വിമർശനവുമായി രംഗത്തെത്തി. സായുധസേനാ പരിശീലന കേന്ദ്രം അലക്കുകാരെയും ഡ്രൈവർമാരെയും ഇലക്ട്രീഷ്യന്മാരെയും സൃഷ്ടിക്കുന്ന കേന്ദ്രമാക്കി മാറുകയാണെന്ന് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.
