കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിപിഇ കിറ്റുകള്‍ നിറം മഞ്ഞയായതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ മോര്‍ച്ച നേതാവ് പ്രിതി ഗാന്ധി. രാജ്യം കൊവിഡ് 19 നെതിരെ യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് മമത ബാനര്‍ജി ആശങ്കപ്പെടുന്നത് പിപിഇ കിറ്റുകളുടെ നിറത്തെക്കുറിച്ചാണെന്ന് പ്രിതി ഗാന്ധി ആരോപിക്കുന്നു. സംസ്ഥാനം ഈ കിറ്റുകള്‍ ഉപയോഗിച്ചേക്കില്ലെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്. 

മഞ്ഞ നിറം ഇഷ്ടമല്ലെന്നും നീലയോ വെള്ളയോ നിറമുള്ള കിറ്റുകള്‍ വേണമെന്നുമാണ് അവര്‍  പറഞ്ഞതെന്ന് പ്രിതി ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക്  കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പേര്‍സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളുടെ നിറം മഞ്ഞയായതിനെ മമതാ ബാനര്‍ജി വിമര്‍ശിച്ചിരുന്നു. സംസ്ഥാനം ഈ കിറ്റുകള്‍ ഉപയോഗിച്ചേക്കില്ലെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. ഒരു ലക്ഷം കിറ്റുകള്‍ ആയിരുന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. മൂവായിരം കിറ്റുകളാണ് കേന്ദ്രം നല്‍കിയതെന്നായിരുന്നു പശ്ചിമ ബംഗാളിലെ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

വെള്ളയോ ചാരയോ നിറമുള്ള കിറ്റുകളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്. മഞ്ഞ നിറമുള്ള കിറ്റുകള്‍ കണ്ടിട്ടേയില്ലെന്നായിരുന്നു  മമത ബാനര്‍ജി പ്രതികരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 103 പേരിലാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേര്‍ ആശുപത്രിയില്‍ നിന്ന് രോഗവിമുക്തി നേടി വീടുകളിലേക്ക് പോയിട്ടുണ്ട്. അഞ്ചുപേരാണ് പശ്ചിമ ബംഗാളില്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.