പ്രിയങ്ക മാത്രമല്ല, ബോളിവുഡ് നടി ആലിയ ഭട്ടും തുന്‍ബര്‍ഗിനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കേള്‍ക്കൂ, പഠിക്കൂ, ചിന്തിക്കൂ, പ്രവര്‍ത്തിക്കൂ എന്നാണ് വീഡിയോ പങ്കുവച്ച് ആലിയ കുറിച്ചത്.
ദില്ലി: പരിസ്ഥിതിയ്ക്കുവേണ്ടി സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനോട് നന്ദി അറിയിച്ച് നടി പ്രിയങ്ക ചോപ്ര. ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ് യുഎന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഇന്ന് ട്വീറ്റ് ചെയ്തത്.
''ഞങ്ങളെ ഒന്ന് പിടിച്ചുകുലുക്കിയതിന്, നിങ്ങളുടെ തലമുറയെ ഒരുമിച്ചുകൊണ്ടുവന്നതിന്, എന്താണ് ഏറെ നിര്‍ണ്ണായകമായതെന്ന് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ഇനിയും ഏറെ ചെയ്യാനുണ്ടെന്നും വ്യക്തമാക്കിതന്നതിന് നന്ദി ഗ്രേറ്റ തുന്‍ബര്‍ഗ്. നമുക്ക് കഴിയാന്‍ ഈ ഭൂമി മാത്രമല്ലേ ഉള്ളൂ'' - പ്രിയങ്ക ട്വീറ്റ് ചെയ്തു. ഗ്രേറ്റ തുന്‍ബെര്‍ഗിന്‍റെ പ്രസംഗത്തിന്‍റെ ലിങ്ക് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്ക ഇങ്ങനെ കുറിച്ചത്.
പ്രിയങ്ക മാത്രമല്ല, ബോളിവുഡ് നടി ആലിയ ഭട്ടും തുന്‍ബര്‍ഗിനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കേള്‍ക്കൂ, പഠിക്കൂ, ചിന്തിക്കൂ, പ്രവര്‍ത്തിക്കൂ എന്നാണ് വീഡിയോ പങ്കുവച്ച് ആലിയ കുറിച്ചത്. അതേസമയം ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ വീഡിയോ പങ്കുവച്ച് അവള്‍ സന്തോഷവതിയായ പെണ്‍കുട്ടിയാണ്, നല്ല ഭാവിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറിച്ചു.
ലോകരാഷ്ട്രങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനുപിന്നാലെ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയുടെ ഗുരുതര ആരോപണങ്ങള്‍.
പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്‍റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്. ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല, ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ വീഴ്ച വരുത്തിയ നിങ്ങള്‍ ഞങ്ങളുടെ തലമുറയെ വഞ്ചിച്ചുവെന്നുള്ള ഉച്ചകോടിയിലെ ഗ്രേറ്റയുടെ പ്രസംഗം ലോകമനസാക്ഷിയെ പൊള്ളിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും ഗ്രേറ്റയുടെ പുറകില്‍ അണിനിരക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്‍റെ ഭാഗമായി ഇതിനകം നടന്ന് കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിലൂടെ ശ്രദ്ധേയായ ഈ പതിനാറുകാരിയായ സാമൂഹ്യപ്രവര്‍ത്തകയെ 'അംബാസിഡര്‍ ഓഫ് കോണ്‍ഷ്യസ് പുരസ്‍കാരം' നല്‍കിയാണ് സംഘടന ആദരിച്ചത്.
