ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ലക്നൗവിലെത്തിയ പ്രിയങ്കഗാന്ധിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. അറസ്റ്റിലായവരുടെ കുടംബങ്ങളെ സന്ദര്‍ശിക്കുന്നത് പോലീസ് തടഞ്ഞെങ്കിലും കാല്‍നടയായെത്തി പ്രിയങ്ക കുടുംബാംഗങ്ങളെ കണ്ടു. അസമില്‍ നടത്തിയ റാലിയില്‍ ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ശേഷം നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് അതിക്രമമെമന്നാണ് പ്രിയങ്ക പറയുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലീസ് പ്രിയങ്കയുടെ വാഹനം തടഞ്ഞു.  നിയന്ത്രണം വകവയക്കാതെ ഒരു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നാണ് പരാതി. 

നേരത്തെ ലക്നൗ റാലിയില്‍ പങ്കെടുത്ത പ്രിയങ്ക  കോണ്‍ഗ്രസ് ഒഴികെ ഉത്തര്‍പ്രദേശിലെ മറ്റ് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധങ്ങളില്‍ പിന്നോട്ടാണെന്ന് സമാജ്വാദി പാര്‍ട്ടിയേയും ബിഎസ്പിയെയും ഉന്നമിട്ട് ഒളിയമ്പെയ്തിരുന്നു. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പ്രിയങ്കയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയ ബിഎസ്പി അധ്യക്ഷ മായാവതി കോണ്‍ഗ്രസിന്‍റെ കഴിവില്ലായ്മമ മൂലമാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് തിരിച്ചടിച്ചു. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍  ആര്‍എസ്എസിനെയും  ബിജെപിയേയും  പതിവലധികം കടന്നാക്രമിച്ചായിരുന്നു അസമിലെ റാലിയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത്. . ആര്‍എസ്എസ്  നിക്കര്‍ധാരികള്‍ അസം ഭരിക്കാന്‍ നോക്കേണ്ടെന്നും, ബിജെപി ഇനിയും അസമിനെ സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുമോയെന്ന ആശങ്ക ഉണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.