Asianet News MalayalamAsianet News Malayalam

ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി, തൊഴിലാളികളുടെ ട്രെയിന്‍ യാത്ര സൗജന്യമാക്കില്ല; കേന്ദ്രത്തിനെതിരെ പ്രിയങ്ക

ട്രംപിനെ  സ്വീകരിക്കാന്‍ 100 കോടി രൂപ ചെലവാക്കുന്ന രാജ്യത്താണ് ജന്മനാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് പണം നല്‍കേണ്ടി വരുന്നത്. 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ റെയില്‍വേയ്ക്ക് എന്ത് കൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൌജന്യ യാത്ര അനുവദിക്കാന്‍ സാധിക്കാത്തതെന്ന് പ്രിയങ്ക

Priyanka Gandhi against center government for migrants pay train fare to return home
Author
New Delhi, First Published May 4, 2020, 6:00 PM IST

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിക്കാന്‍ കുടിയേറ്റത്തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ടിക്കറ്റ്  തുക ആവശ്യപ്പെട്ട നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ  സ്വീകരിക്കാന്‍ 100 കോടി രൂപ ചെലവാക്കുന്ന രാജ്യത്താണ് ജന്മനാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റത്തൊഴിലാളികള്‍ക്ക് പണം നല്‍കേണ്ടി വരുന്നത്. 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ റെയില്‍വേയ്ക്ക് എന്ത് കൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൌജന്യ യാത്ര അനുവദിക്കാന്‍ സാധിക്കാത്തതെന്ന് പ്രിയങ്ക ചോദിക്കുന്നു. 
 

രാജ്യത്തെ ജനങ്ങള്‍ കഷ്ടതയനുഭവിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാത്തതിന് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പ്രധാനമന്ത്രി മോദിയ വിമര്‍ശിച്ചിരുന്നു. ടിക്കറ്റിന് നല്‍കാന്‍ പണം കയ്യിലില്ലാത്തവര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റെടുത്ത് നല്‍കുമെന്ന് സോണിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഭക്ഷണവും വെള്ളവും മരുന്നും പണവും ​ഗതാ​ഗത സൗകര്യങ്ങളും ഇല്ലാതെ കാൽനടയായി സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ‌ നിർബന്ധിതരായിരിക്കുകയാണ്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും ഇവരിൽ നിന്നും ട്രെയിൻ ടിക്കറ്റ് കൂലി ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്നു. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോൺ​ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സർക്കാർ അവ​ഗണിക്കുകയാണെന്നും സോണിയ ​ഗാന്ധി വിമർശിച്ചു. 

ഈ സാഹചര്യത്തിൽ‌ അതിഥി തൊഴിലാളികൾ ഉൾ​പ്പെടെ ആവശ്യക്കാരായ മുഴുവൻ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ്​ കോൺഗ്രസ്​ വഹിക്കുമെന്ന്​ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കുറ്റുപ്പെടുത്തി രംഗത്തെത്തിയത്. തൊഴിലാളികളാണ് രാജ്യം നിര്‍മ്മിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. 

എന്നാല്‍ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റിന്‍റെ 15 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തെക്കുറിച്ച് വിശദമാക്കിയത്. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ തുക നല്‍കിയാലും മതിയെന്ന് ബിജെപി നേരത്തെ വിശദമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios