ലഖ്നൗ: ഉത്തർപ്ര​ദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട 2017ലെ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരുന്നു പ്രിയങ്ക ​ഗാന്ധി സർക്കാരിനെതിരെ രം​ഗത്തെത്തിയത്. 

'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഇത് വളരെ ലജ്ജാകരമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തെങ്കിലും ചെയ്യണം'- പ്രിയങ്ക ​ഗാന്ധി വാർത്താ ഏജൻസിയായ എഎൻഐയോട് പറ‍ഞ്ഞു.

ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2017ൽ സ്ത്രീകൾക്കെതിരെയുള്ള  3.5 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ് (56,011). അസമിലാണ് ഏറ്റവും ഉയര്‍ന്ന ക്രെെം റേറ്റ് രേഖപ്പെടുത്തിയത് (143). 31,979 കേസുകളുമായി മഹാരാഷ്ട്രയും, 30,002 കേസുകളുമായി പശ്ചിമ ബാഗാളുമാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.