ദില്ലി: ഉത്തർപ്രദേശിൽ അം​ഗനവാടി ജീവനക്കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യോ​ഗി സർക്കാരിന് നേരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സ്ത്രീ സുരക്ഷയിൽ യു പി സർക്കാരിന് തുടർച്ചയായി വീഴ്ച്ച പറ്റുന്നു എന്ന് പ്രിയങ്ക ഗാന്ധി  പറഞ്ഞു.

ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയും തുടക്കത്തിൽ യോഗി  സർക്കാർ കേട്ടില്ല. അംഗനവാടി  ജീവനക്കാരിയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു  എന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 

ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ അമ്പലത്തിലേക്ക് പോയ അംഗനവാടി ജീവനക്കാരിയെ മന്ത്രവാദി ഉൾപ്പടെ മൂന്ന് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ മധ്യവയസ്കയെ കുറ്റവാളികൾ തന്നെ അവരുടെ വാഹനത്തിലെത്തിച്ച് വീടിന് മുന്നിൽ ഉപേക്ഷിച്ചു എന്ന് മകൻ പറഞ്ഞു. ഒരു ഡ്രൈവറുൾപ്പടെ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ മന്ത്രവാദിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. അമ്പതുവയസുകാരി ക്രൂരമായ പീഡനങ്ങൾക്കിരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു കാൽ ഒടിഞ്ഞിരിക്കുകയാണ്. ജനനേന്ദ്രിയത്തിലും സാരമായ പരിക്കുകളുണ്ട്. അമിത രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് കേസെടുക്കാൻ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു.