ലഖ്‍നൗ: സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതില്‍ രാത്രി മുഴുവന്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രിയങ്ക ഗാന്ധി. ഇന്ന് ഉച്ചയ്‍ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രിയങ്കയുടെ പ്രതിഷേധം തുടങ്ങിയത്. കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിൽ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു പ്രിയങ്ക.

എന്നാല്‍ പ്രിയങ്കയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ്‍ സോന്‍ഭദ്രയില്‍നിരോധനാജ്ഞ ഏര്‍പ്പെടുത്തി. തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ പൊലീസ് തടഞ്ഞു. എന്നാല്‍ താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും  പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

ചിത്രങ്ങള്‍ കാണാം: സോന്‍ഭദ്ര കൂട്ടക്കൊല; പ്രതിഷേധം കനപ്പിച്ച് കോണ്‍ഗ്രസ് 

സോന്‍ഭദ്രക്ക് പിന്നാലെ  മിര്‍സാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത്  മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിന് പിന്നാലെ  അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടര്‍ന്നിരുന്നു. അറസ്റ്റില്‍ പ്രതിഷേധമറിയിച്ച  രാഹുല്‍ ഗാന്ധി ആദിത്യനാഥ് സര്‍ക്കാരിന്‍റെ അരക്ഷിത ബോധമാണ് പ്രിയങ്കയെ തടഞ്ഞതിലൂടെ വ്യക്തമായതെന്ന് ട്വീറ്റ് ചെയ്തു. 

പ്രിയങ്കക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ബിജെപി ആസ്ഥാനത്തേക്ക്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ  ബുധനാഴ്ചയാണ് വെടിവച്ചു കൊന്നത് . 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ വാരാണസി ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക സോന്‍ഭദ്രക്ക് തിരിച്ചത്.