'പെണ്‍കുട്ടിയുടെ കുടുംബത്തെ ബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നുണ്ട്'
ദില്ലി: ഉന്നാവ് സംഭവത്തില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവ് കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയെ രാഷ്ട്രീയ സ്വാധീനവും ശക്തിയുമുപയോഗിച്ച് ബിജെപി സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ഇരകള്‍ ജീവിക്കാനായി കഷ്ടപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് കുല്‍ദീപ് സെന്‍ഗാറിനെപോലുള്ളവര്‍ക്ക് ഇവിടെ സംരക്ഷണം ലഭിക്കുന്നത്? പെണ്‍കുട്ടിയുടെ കുടുംബത്തെ ബിജെപി എംഎല്‍എ ഭീഷണിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നുണ്ട്. കൃത്യമായി പ്ലാന്‍ ചെയ്ത ആക്രമണമാവാനുള്ള സാധ്യതയെക്കുറിച്ചും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി, ദൈവത്തെയോര്‍ത്ത് ആ ക്രിമിനലിനും അയാളുടെ സഹോദരനും നിങ്ങളുടെ പാര്‍ട്ടി നല്‍കുന്ന സംരക്ഷണം പിന്‍വലിക്കൂ'. ഇനിയും വൈകിയിട്ടില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഉന്നാവ് പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നില്‍ ബിജെപി എംഎൽഎ കുൽദീപ് സെന്‍ഗാറിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കുൽദീപ് സെംഗാറിന്‍റെ ഭാഗത്ത് നിന്ന് നിരന്തരമായി ഭീഷണിയുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
