ദില്ലി: ഉത്തർപ്രദേശിൽ  ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട അംഗണവാടി ജീവനക്കാരിയെ കുറിച്ച് മോശം പരാമർശം നടത്തിയ ദേശീയ വനിത കമ്മീഷൻ അംഗത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. ദേശീയ വനിത കമ്മീഷൻ അംഗം ചന്ദ്രമുഖീ ദേവിക്കെതിരെയാണ് പ്രിയങ്ക രൂക്ഷ വിമര്‍ശനം നടത്തിയത്. മധ്യവയസ്ക രാത്രിയിൽ പുറത്ത് പോയതാണ് ബലാത്സംഗത്തിന് കാരണമെന്നായിരുന്നു ചന്ദ്രമുഖീ ദേവിയുടെ പരാമർശം. 

ഈ ചിന്താഗതി വെച്ച് എങ്ങനെ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രിയങ്ക ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. അം​ഗനവാടി ജീവനക്കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രിയങ്ക നേരത്തെ യോ​ഗി സർക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സ്ത്രീ സുരക്ഷയിൽ യു പി സർക്കാരിന് തുടർച്ചയായി വീഴ്ച്ച പറ്റുന്നു. ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയും തുടക്കത്തിൽ യോഗി  സർക്കാർ കേട്ടില്ല. അംഗനവാടി  ജീവനക്കാരിയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു  എന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 

അതേ സമയം കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രധാന പ്രതി സത്യനാരായണൻ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. മന്ത്രവാദിയായ ഇയാൾ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരുന്നു. അതിവേഗ കോടതിയാകും കേസ് പരിഗണിക്കുക.