കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് ഡൽഹിയിൽ വിലക്ക് ഏർപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെയും ദേശീയ പതാകയുടെയും ചിത്രങ്ങൾ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം നിരസിച്ച റെയ്‌ഹാൻ, മുഴുവൻ ചിത്രങ്ങളുടെയും പ്രദർശനം മറ്റൊരു വേദിയിൽ നടത്തുമെന്ന് അറിയിച്ചു.

ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് ഡൽഹിയിൽ വിലക്ക്. പ്രദർശനത്തിനായി എത്തിച്ച ചിത്രങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബിക്കാനീർ ഹൗസ് അധികൃതർ റെയ്‌ഹാൻ വാദ്രയോട് ആവശ്യപ്പെട്ടു. ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളടക്കം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് പ്രദർശനം വിലക്കാൻ കാരണമെന്നാണ് അറിയുന്നത്.

പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ അനുചിതമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായും, ദേശീയ പതാകയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റെയ്‌ഹാൻ വാദ്ര പറഞ്ഞു. എന്നാൽ ഈ നിർദ്ദേശം താൻ പൂർണ്ണമായും നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച ചിത്രപ്രദർശനം ഭാഗികമായി മാത്രമായിരിക്കും നടക്കുകയെന്നും ഇതിൽ ഉൾപ്പെടുത്താൻ കഴിയാത്ത മുഴുവൻ ചിത്രങ്ങളുടെയും പ്രദർശനം മറ്റൊരു വേദിയിൽ നടത്തുമെന്നും റെയ്‌ഹാൻ വാദ്ര അറിയിച്ചു.

View post on Instagram